ടോട്ടനത്തിനും നെതർലൻഡ്‌സിനും തിരിച്ചടി; സൂപ്പർ താരം സാവി സിമോൺസിന് ഗുരുതര പരിക്ക്

Photo Credit: Social Media
ലണ്ടൻ: ലോകകപ്പ് ഫുട്ബോളിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നെതർലൻഡ്‌സ് ആരാധകർക്ക് കനത്ത ആഘാതമായി സൂപ്പർ താരം സാവി സിമോൺസിന്റെ പരിക്ക്. മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളും വരാനിരിക്കുന്ന ലോകകപ്പും താരത്തിന് നഷ്ടമാകും. പ്രീമിയർ ലീഗിൽ വോൾവ്സിനെതിരായ മത്സരത്തിനിടെയാണ് ടോട്ടനം ഹോട്‌സ്‌പറിന്റെ മിഡ്ഫീൽഡറായ സിമോൺസിന് പരിക്കേറ്റത്. താരത്തിന്റെ ലിഗമെന്റിന് ആണ് പരിക്കേറ്റതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ വോൾവ്സ് ഡിഫൻഡർ ഹ്യൂഗോ ബ്യൂണോയുമായുള്ള കൂട്ടിയിടിക്കിടെയാണ് സിമോൺസ് മൈതാനത്ത് വീണത്. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഠിനമായ വേദനയെത്തുടർന്ന് താരം വീണ്ടും നിലത്തിരിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ സംഘം എത്തി താരത്തെ സ്ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. 23-കാരനായ താരം ഈ സീസണിൽ ടോട്ടനത്തിന്റെ മധ്യനിരയിലെ കരുത്തായിരുന്നു.
പരിക്കിനെത്തുടർന്ന് ലോകകപ്പ് നഷ്ടമായതിലുള്ള കടുത്ത സങ്കടം സിമോൺസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. "എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. സീസൺ ഇത്തരത്തിൽ അവസാനിക്കുമെന്ന് കരുതിയില്ല. ടീമിനായും രാജ്യത്തിനായും പോരാടാനുള്ള അവസരമാണ് എനിക്ക് നഷ്ടമായത്. ഇതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കും," സിമോൺസ് കുറിച്ചു. വിശ്വാസത്തോടെയും കരുത്തോടെയും താൻ ഈ ഘട്ടത്തെ അതിജീവിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടോട്ടനത്തിന് സിമോൺസിന്റെ പരിക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്തുള്ള സ്പർസിന് ലീഗിൽ നിലനിൽക്കാൻ ഇനി നാല് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ ജപ്പാനെതിരെയാണ് നെതർലൻഡ്‌സിന്റെ ആദ്യ മത്സരം. സിമോൺസിന്റെ അഭാവം ടീമിന്റെ മുന്നേറ്റങ്ങളെയും പ്രതികൂലമായി ബാധിക്കും.









0 comments