ad
Deshabhimani

print edition ലോകകപ്പ്‌ ഫുട്ബോൾ പ്ലേ ഓഫ് സെമിയിൽ ജയം, 31ന് ബോസ്നിയയെ തോൽപ്പിച്ചാൽ ലോകകപ്പിന് ഇറ്റലി അരികെ

Sandro

ലോകകപ്പ് ഫുട്ബോൾ പ്ലേ ഓഫ് സെമിയിൽ വടക്കൻ അയർലൻഡിനെതിരെ ഇറ്റലിക്കായി ഗോളടിച്ച സാൻഡ്രോ ടൊണാലി (നടുവിൽ) ആഘോഷത്തിൽ

വെബ് ഡെസ്ക്

Published on Mar 28, 2026, 01:29 AM | 2 min read

ബെർഗാമോ (ഇറ്റലി): ഇറ്റലിയുടെ ലോകകപ്പ്‌ മോഹം തളിർക്കുന്നു. ലോകകപ്പ്‌ ഫുട്‌ബാൾ പ്ലേ ഓഫ്‌ സെമിയിൽ വടക്കൻ അയർലൻഡിനെ രണ്ട്‌ ഗോളിന്‌ കീഴടക്കി മുൻ ചാമ്പ്യൻമാർ ഫൈനലിലേക്ക്‌ മുന്നേറി. 31ന്‌ ബോസ്‌നിയ ആൻഡ്‌ ഹെർസെഗൊവിനയുമായാണ്‌ ഫൈനൽ. ജയിച്ചാൽ ലോകകപ്പിലേക്ക്‌. തുടർച്ചയായ രണ്ട്‌ തവണ യോഗ്യത നഷ്ടമായതിന്റെ നിരാശയും മറക്കാം. ഒരു ഗോളടിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌ത സാൻഡ്രോ ടൊണാലിയാണ്‌ ഇറ്റലിയുടെ വിജയശിൽപ്പി. രണ്ടാംഗോൾ മോയ്‌സ്‌ കീൻ നേടി.


അതി സമ്മർദത്തിലായിരുന്നു ഇറ്റലി. 2014നുശേഷം ഇതുവരെ ലോകകപ്പിൽ ഇറങ്ങാനാകാത്തതിന്റെ വേദന സമ്മർദമായി മാറുകയായിരുന്നു. 2018ലെ പ്ലേ ഓഫിൽ സ്വീഡനോട്‌ തോറ്റപ്പോൾ 2022ലെ പ്ലേ ഓഫ്‌ സെമിയിൽ നോർത്ത്‌ മാസിഡോണിയയോട്‌ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ഇക്കുറി മറ്റൊരു പ്ലേ ഓഫിലേക്ക്‌ വീണപ്പോൾ ഇറ്റലി ഭയന്നു. എന്നാൽ എല്ലാ ആശങ്കയും മാറ്റുന്നതായിരുന്നു വടക്കൻ അയർലൻഡുമായുള്ള പ്രകടനം.


യുവനിരയുമായെത്തിയ അയർലൻഡ്‌ പൊരുതി നോക്കി. ആദ്യപകുതിയിൽ ഗോളുണ്ടായില്ല. ഏഴ് ഷോട്ടുകളാണ്‌ മത്സരത്തിൽ അസൂറികൾ തൊടുത്തത്‌. അയർലൻഡിന്റേത്‌ പൂജ്യവും. ഇടവേളയ്‌ക്കുശേഷം കീനിന്റെ തകർപ്പൻ ഷോട്ട്‌ വടക്കൻ അയർലൻഡ്‌ ഗോൾ കീപ്പർ പിയേഴ്‌സ്‌ ചാൾസ്‌ തടഞ്ഞു. അടുത്ത നിമിഷം ഇറ്റലി ലക്ഷ്യം കണ്ടു. ബോക്‌സിലേക്കുള്ള ക്രോസ്‌ അയർലൻഡ്‌ മധ്യനിരക്കാരൻ ഐസക്‌ പ്രൈസ്‌ തലകൊണ്ട്‌ ബോക്‌സിന്‌ പുറത്തേക്ക്‌ കുത്തിയിട്ടു. പന്ത്‌ കിട്ടിയത്‌ ടൊണാലിയുടെ കാലിൽ. ന്യൂകാസിൽ യുണൈറ്റഡ്‌ താരത്തിന്റെ അടി തടയാൻ ചാൾസിന്‌ കഴിഞ്ഞില്ല. ഗോൾ വീണതോടെ ഇറ്റലിയുടെ സമ്മർദമകന്നു. വരയ്‌ക്കരികെ പരിശീലൻ ഗെന്നരോ ഗെട്ടൂസോ ആർപ്പുവിളിച്ചു. സ്‌റ്റേഡിയം ഒന്നടങ്കം മുഴങ്ങി.


ഇറ്റലി ആക്രമണം കടുപ്പിക്കുകയായിരുന്നു. കീനിനെ ഒരിക്കൽക്കൂടി ചാൾസ്‌ തടഞ്ഞു. തുടർന്ന്‌ കിട്ടിയ അവസരങ്ങൾ കീൻ പാഴാക്കുകയും ചെയ്‌തു. എന്നാൽ കളിതീരാൻ പത്ത്‌ മിനിറ്റ്‌ ശേഷിക്കെ ഫിയന്റീനക്കാരൻ ലക്ഷ്യം കണ്ടു. ഇടതുവശത്ത്‌ ടൊണാലി ഉയർത്തിവിട്ട പന്ത്‌ കീൻ ബോക്‌സിൽനിന്ന്‌ പിടിച്ചെടുത്തു. പിന്നെ എളുപ്പത്തിൽ വലയിലേക്ക്‌ തൊടുത്തു. പോസ്‌റ്റിന്‌ അരികിൽതട്ടി പന്ത്‌ വലയിൽ കയറി. ഇറ്റലി ജയമുറപ്പിച്ചു.


വെയ്‌ൽസിനെ പെനൽറ്റി ഷൂട്ട‍ൗട്ടിൽ മറികടന്നാണ്‌ ബോസ്‌നിയ ഇറ്റലിയുമായുള്ള ഫൈനൽ ഉറപ്പിച്ചത്‌. നാൽപ്പതുകാരൻ എഡിൻ സെക്കോയുടെ ഗോളിൽ സമനില പിടിച്ച ബോസ്‌നിയ ഷൂട്ട‍ൗട്ടിൽ 4–2ന്‌ ജയം സ്വന്തമാക്കി. നിശ്‌ചിതസമയത്ത്‌ 1–1നാണ്‌ കളി അവസാനിച്ചത്‌. ഡാൻ ജയിംസിന്റെ ഗോളിൽ വെയ്‌ൽസാണ്‌ ലീഡ്‌ എടുത്തത്‌. കളി തീരാൻ നാല്‌ മിനിറ്റ്‌ ശേഷിക് സെക്കോ ബോസ്‌നിയയെ ഒപ്പമെത്തിച്ചു. അധിക സമയത്തും സ്‌കോർ മാറിയില്ല. ഷൂട്ട‍ൗട്ടിൽ ബ്രെന്നൻ ജോൺസണും നെക്കോ വില്യംസും വെയ്‌ൽസിന്റെ കിക്കുകൾ പാഴാക്കി. ഫൈനലിൽ ജയിക്കുന്ന ടീം ലോകകപ്പ്‌ ബി ഗ്രൂപ്പിലാണ്‌ ഉൾപ്പെടുക. ആതിഥേയ രാജ്യങ്ങളിലൊന്നായ കാനഡ, സ്വിറ്റ്‌സർലൻഡ്‌, ഖത്തർ ടീമുകളാണ്‌ ഗ്രൂപ്പിലുള്ളത്‌.


മത്സരഫലം


തുർക്കി 1 – റുമേനിയ 0

ഇറ്റലി 2 – വടക്കൻ അയർലൻഡ്‌ 0

വെയ്‌ൽസ്‌ 1 (2) – ബോസ്‌നിയ ആൻഡ്‌ 
 ഹെർസെഗൊവിന 1 (4)

ഉക്രയ്‌ൻ 1 – സ്വീഡൻ 3

പോളണ്ട്‌ 2 – അൽബേനിയ 1

സ്ലൊവാക്യ 3 – കൊസോവോ 4

ഡെൻമാർക്ക്‌ 4 – മാസിഡോണിയ 0

ചെക്ക്‌ 2 (4) – അയർലൻഡ്‌ 2 (3)


ഫെെനൽ


ബോസ്‌നിയ – ഇറ്റലി

സ്വീഡൻ – പോളണ്ട്‌

കൊസോവോ –തുർക്കി

ചെക്ക്‌ – ഡെൻമാർക്ക്







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home