ad
Deshabhimani

ഇറാനെ പുറത്താക്കാൻ അമേരിക്ക; തടയിട്ട് ഫിഫ

NO ITALY IN FIFA WC

Photo Credit: Getty Images

വെബ് ഡെസ്ക്

Published on Apr 24, 2026, 05:03 PM | 2 min read

വാഷിംഗ്ടൺ: വരാനിരിക്കുന്ന ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം റദ്ദാക്കി പകരം ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന യുഎസ് പ്രത്യേക പ്രതിനിധിയുടെ വിവാദ നിർദ്ദേശം ഫിഫ തള്ളി. ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ സ്ഥാനം ഇറ്റലിക്ക് നൽകണമെന്ന് യുഎസ് പ്രതിനിധി പൗലോ സാംപോള്ളി നിർദ്ദേശിച്ചത്.


എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ ഒരു ടീമിനെ പുറത്താക്കി മറ്റൊരു ടീമിനെ ഉൾപ്പെടുത്തുന്നതിനോട് ഫിഫ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോടും താൻ വ്യക്തിപരമായി ഈ നിർദ്ദേശം മുന്നോട്ടുവെച്ചതായി പൗലോ സാംപോള്ളി സ്ഥിരീകരിച്ചു.


നാല് തവണ ലോകചാമ്പ്യന്മാരായ ഇറ്റലിക്ക് ലോകകപ്പിൽ പങ്കെടുക്കാൻ എല്ലാ യോഗ്യതകളുമുണ്ടെന്നും, അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഇറ്റലി കളിക്കുന്നത് കാണുക എന്നത് തന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതാ മത്സരത്തിൽ ബോസ്നിയയോട് തോറ്റ് തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് പുറത്തായ സാഹചര്യത്തിലായിരുന്നു ഈ രാഷ്ട്രീയ നീക്കം.


ഈ നിർദ്ദേശത്തോട് ഫിഫ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, ഇറാൻ ടീം ലോകകപ്പിനെത്തുമെന്ന് കഴിഞ്ഞ ആഴ്ച ഇൻഫാന്റിനോ വ്യക്തമാക്കിയ കാര്യം അധികൃതർ ഓർമ്മിപ്പിച്ചു. സ്പോർട്സിനെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും യോഗ്യത നേടിയ ഇറാൻ ടീമിന് കളിക്കാൻ അവകാശമുണ്ടെന്നുമാണ് ഫിഫയുടെ നിലപാട്.


ഇറാന്റെ കായികതാരങ്ങളെ തടയാൻ ഉദ്ദേശമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി. എന്നാൽ, ടീമിനൊപ്പം വരുന്ന ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും ഐആർജിസി ബന്ധമുണ്ടെങ്കിൽ അവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയേക്കാം.


അമേരിക്കയുടെ ഈ നീക്കത്തെ "ധാർമ്മിക പാപ്പരത്തം" എന്നാണ് ഇറാൻ എംബസി വിശേഷിപ്പിച്ചത്. ഇറ്റലി ലോകഫുട്ബോളിൽ അതിന്റെ ഖ്യാതി നേടിയത് മൈതാനത്തെ പോരാട്ടത്തിലൂടെയാണെന്നും അല്ലാതെ രാഷ്ട്രീയ ആനുകൂല്യങ്ങളിലൂടെയല്ലെന്നും എംബസി പ്രതികരിച്ചു. മൈതാനത്ത് 11 ഇറാനിയൻ യുവാക്കൾ പന്തുതട്ടുന്നത് പോലും അമേരിക്ക ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം നീക്കങ്ങളെന്നും ഇറാൻ എക്സിൽ കുറിച്ചു.


അതേസമയം, ഇറ്റാലിയൻ ഭരണകൂടവും ഈ നിർദ്ദേശത്തെ തള്ളിക്കളഞ്ഞ് രംഗത്തെത്തി. ഇറാന് പകരം ഇറ്റലി കളിക്കുക എന്ന ആശയം "നാണക്കേടാണെന്ന്" ഇറ്റാലിയൻ സാമ്പത്തിക മന്ത്രി ജിയാൻകാർലോ ജോർജെറ്റി വിശേഷിപ്പിച്ചു. ഇത്തരം രാഷ്ട്രീയ വഴികളിലൂടെയല്ല, മറിച്ച് കളിക്കളത്തിൽ പൊരുതിയാണ് ലോകകപ്പിന് യോഗ്യത നേടേണ്ടതെന്ന് കായിക മന്ത്രി ആൻഡ്രിയ അബോഡി പറഞ്ഞു.


ഇത്തരമൊരു നിർദ്ദേശം ഇറ്റലിയെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്ന് ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ലൂസിയാനോ ബുോൺഫിഗ്ലിയോയും വ്യക്തമാക്കി. ജൂൺ 15-ന് ലോസ് ഏഞ്ചൽസിലാണ് ഇറാന്റെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home