കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 15 കോടി ദിനാറിന്റെ ലരിക്ക ശൃംഖല തകർത്തു

കുവൈത്ത് സിറ്റി : കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലരിക്ക മയക്കുമരുന്ന് വേട്ടയിൽ 150 ദശലക്ഷം ദിനാർ വിപണിമൂല്യം കണക്കാക്കുന്ന വൻ ശേഖരവും നിർമാണ കേന്ദ്രവും ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. ലരിക്ക നിർമിച്ച് വിതരണം ചെയ-്‌തിരുന്ന ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ശൃംഖല തകർത്തത്. അഞ്ച് ടണ്ണോളം അസംസ്കൃത ലരിക്ക പൗഡറും വിതരണത്തിനായി തയ്യാറാക്കിയ 40 ലക്ഷത്തോളം ക്യാപ-സൂളുകളും പിടിച്ചെടുത്തു. ലരിക്ക നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളുമുള്ള പൂർണ സജ്ജമായ കേന്ദ്രവും കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്നിനും നിർമാണ സംവിധാനത്തിനുമായി ഏകദേശം 150 ദശലക്ഷം ദിനാർ വിപണിമൂല്യം കണക്കാക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ മയക്കുമരുന്ന് നിയന്ത്രണ നിയമം രാജ്യത്തെ പ്രതിരോധ സംവിധാനത്തിന് കൂടുതൽ കരുത്ത് നൽകിയതായും മയക്കുമരുന്ന് കടത്തുകാർക്ക് ശക്തമായ താക്കീതായി മാറിയതായും ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് പറഞ്ഞു.മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിനും സമൂഹത്തെ അതിന്റെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ നടപടികൾ ശക്തമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.










0 comments