ലോകകപ്പ് ചരിത്രത്തിലൂടെ
അന്ന് സെനഗലിന് മുന്നിൽ ഫ്രഞ്ച് പട തകർന്നുവീണു; ചരിത്രമായി ലോകകപ്പ് ഉദ്ഘാടന മത്സരം

സോൾ: മെയ്- 31-2002 ...സിയോൾ ലോകകപ്പ് സ്റ്റേഡിയം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സെനഗലെന്ന കൊച്ചുടീമിന് മുന്നിൽ ഫ്രാൻസെന്ന ഫുട്ബോൾ അതികായർ പകച്ചുനിന്നു. മുൻ ലോകകപ്പ് ജേതാക്കൾ തോറ്റിരിക്കുന്നു. വമ്പൻമാരായ ബ്രസീലിനെ തോൽപ്പിച്ച് കിരീടം നേടിയവരാണ് തകർന്നത്. ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട 1998 ലെ ഫുട്ബോൾ ലോകകപ്പ് ഫെെനലിൽ നിന്നും 2002 ലേക്കെത്തിയപ്പോൾ സെനഗൽ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ഫ്രാൻസെന്ന നക്ഷത്രം കെട്ടുപോയി. ഫ്രാൻസെന്നാൽ സിദാനായിരുന്നു എന്നും സിദാനില്ലാതായപ്പോൾ ഊർജം മുഴുവൻ നഷ്ടപ്പെട്ട് സെനഗലിന് മുന്നിൽ ഫ്രാൻസ് തകർന്നടിയുന്നതും ലോകം കണ്ടു. പാപ്പ ദിയൂപ് എന്ന സെനഗൽ മിഡ്ഫീൽഡർ ഫ്രാൻസ് വലയിൽ നിറയൊഴിച്ചത് 30-ാം മിനിറ്റിലായിരുന്നു.
അട്ടിമറിയെന്നാൽ ഇതായിരുന്നു. അങ്ങനെ പഴയ ഫ്രഞ്ച് കോളനിയായ സെനഗൽ വമ്പൻമാരെ ഞെട്ടിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വപ്ന തുല്യമായ വിജയം കരസ്തമാക്കി. സിദാനെന്ന പ്ലേ മേക്കർ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്നതോടെ ഫ്രാൻസ് കളിമറക്കുകയായിരുന്നു. ആ പതറിയ നിമിഷം സെനഗൽ തീയായി. അങ്ങനെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും വലിയ ഫുട്ബോൾ അട്ടിമറികളിൽ ഒന്നായി ആ കളി മാറി. ഫ്രാൻസിന്റെ പഴയ കോളനിയിലെ പുതിയ തലമുറ ഇങ്ങനെ ഒരു പണി കാത്തുവച്ചിട്ടുണ്ടായിരുന്നുവെന്ന് സ്വപ്നത്തിൽ പോലും സിദാനും പിള്ളേരും വിചാരിച്ചിട്ടുണ്ടാകില്ല.
അങ്ങനെ 1990 ൽ; ചാമ്പ്യൻമാരായ അർജന്റീന ഉദ്ഘാടന മത്സരത്തിൽ തന്നെ കാമറൂണിനോട് (1-0) ത്തിന് ഏറ്റവുവാങ്ങിയ തോൽവിക്ക് പിന്നാലെ 12 വർഷത്തിന് ശേഷം വീണ്ടുമൊരു ആഫ്രിക്കൻ കടന്നുകയറ്റമായിരുന്നു ലോകകപ്പിൽ കാണാനായത്. ഒരുഗോളിന് ലീഡ് നേടിയ ശേഷം പ്രതിരോധത്തിന്റെ ഉരുക്കു കോട്ട നിർമിച്ച് ഫ്രഞ്ച് പടക്കോപ്പുകളെ വിദഗ്ധമായി തടുത്ത സെനഗൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ഒരേടായിരുന്നു ആ ലോകകപ്പിൽ രചിച്ചത്.
ഫ്രാൻസിനോടുണ്ടായ മിന്നുന്ന വിജയം നൽകിയ ആത്മവിശ്വാസത്തിൽ സെനഗലിന്റെ യാത്ര ക്വാർട്ടർഫെെനൽ വരെ മുന്നേറി. അങ്ങനെ ആദ്യമായി ലോകകപ്പിൽ മത്സരിച്ച ഒരാഫ്രിക്കൻ രാജ്യം ലോകകപ്പ് ക്വാർട്ടർ ഫെെനൽ വരെ തങ്ങളുടെ കുതിപ്പ് തുടർന്നു. ചരിത്രം തിരുത്തിക്കുറിച്ച ഒരു പ്രയാണം തന്നെയായിരുന്നു അത്. സെനഗലിനെ ലോക ഫുട്ബോൾ നെറുകയിലെത്തിച്ച പാപ്പ 2020ൽ ലോകത്തോട് വിടവാങ്ങുകയും ചെയ്തു










0 comments