‘അമ്മ’യിലെ തർക്കങ്ങൾ പരിഹരിക്കാൻ അന്വേഷണ സമിതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു. ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, മുത്തുമണി, എംഎൽഎയും നടനുമായ രമേഷ് പിഷാരടി, പൊന്നമ്മ ബാബു എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. വിഷയം നിഷ്പക്ഷമായി കേൾക്കുന്നതിന് വേണ്ടി പുതിയ അന്വേഷണ സമിതി രൂപീകരിക്കണമെന്ന് പരാതിക്കാരിയായ നടി അൻസിബ ഹസൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിൽ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവരെ ഉൾപ്പെടുത്തണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ പുതിയ സമിതി രൂപീകരണത്തോട് അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമിതിക്ക് മുന്നിൽ മൊഴി നൽകാൻ താരം എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
നടൻ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ‘അമ്മ’ മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ഹസൻ ഉന്നയിച്ചത്. ടിനി ടോം തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് അൻസിബ പറഞ്ഞിരുന്നു. തിയറ്റർ കമ്മിറ്റിയിൽ അഭിപ്രായം പറഞ്ഞതാണ് ഇതിന് കാരണം. തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും, പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയെന്നും അൻസിബ ആരോപിച്ചു. കൂടാതെ തനിക്ക് അവിഹിതബന്ധം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തിയതായും മറ്റൊരു വനിതാ അംഗത്തെക്കൊണ്ട് തനിക്കെതിരെ വ്യാജ പരാതി നൽകിച്ചതായും അൻസിബ വെളിപ്പെടുത്തി.
സംഘടനയ്ക്കുള്ളിൽ നിരന്തരം പരാതി നൽകിയിട്ടും പ്രസിഡന്റും സെക്രട്ടറിയും തനിക്കൊപ്പം നിന്നില്ലെന്ന് അൻസിബ കുറ്റപ്പെടുത്തി. കടുത്ത മാനസിക സംഘർഷം കാരണമാണ് താൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ സംഘടനയിൽ നിന്ന് നീതി ലഭിക്കാതെ വന്നതോടെ അൻസിബ പൊലീസിനെ സമീപിക്കുകയായിരുന്നു. ടിനി ടോമിന് പുറമെ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവരും ഈ സംഭവത്തിൽ ആരോപണവിധേയരാണ്. ഈ മാസം 21ന് സംഘടനയുടെ ജനറൽ ബോഡി യോഗം ചേരുന്നുണ്ട്. അതിനുമുമ്പ് തന്നെ പ്രശ്നം പരിഹരിക്കാനാണ് ‘അമ്മ’ ഇപ്പോൾ ശ്രമിക്കുന്നത്.









0 comments