ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ്
ഒന്നാം ദിനം ഇന്ത്യ മികച്ച നിലയിൽ; ഗില്ലിനും രാഹുലിനും സെഞ്ച്വറി

സെഞ്ച്വറി നേടിയ ശുഭ്‌മൻ ഗില്ലിനെ ഋഷഭ് പന്ത് അഭിനന്ദിക്കുന്നു |Photo: BCCI
ബംഗളൂരു : അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 85 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന ശക്തമായ നിലയിലാണ്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും അർധ സെഞ്ച്വറി നേടിയ ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്.
രണ്ട് സെഞ്ച്വറികളാണ് ഇന്ത്യക്ക് ഇന്ന് നേടാനായത്. കെ എൽ രാഹുൽ 165 പന്തിൽ 11 ഫോറുകൾ അടക്കം 100 റൺസ് നേടി പുറത്തായി. മത്സരം അവസാനിക്കുമ്പോൾ 143 പന്തിൽ 11 ഫോറും ഒരു സിക്സറുമടക്കം 103 റൺസോടെ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും, 70 പന്തിൽ 50 റൺസോടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ക്രീസിലുണ്ട്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ 350 കടത്തി.
മധ്യനിരയിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത യുവതാരം സായ് സുദർശൻ 104 പന്തിൽ 13 ഫോറുകൾ ഉൾപ്പെടെ 81 റൺസ് നേടി മികച്ച പിന്തുണ നൽകി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ 24 റൺസെടുത്ത് പുറത്തായി. ഒന്നാം വിക്കറ്റിൽ ജയ്‌സ്വാളും രാഹുലും ചേർന്ന് 41 റൺസും, രണ്ടാം വിക്കറ്റിൽ രാഹുലും സായ് സുദർശനും ചേർന്ന് 139 റൺസിന്റെയും മികച്ച കൂട്ടുകെട്ടുണ്ടാക്കി.
അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം രണ്ട് വിക്കറ്റും സിയാവുർ റഹ്മാൻ ഒരു വിക്കറ്റും നേടി. ധ്രുവ് ജൂറെൽ, വാഷിങ്ടൺ സുന്ദർ, മാനവ് സുതർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇനി ഇന്ത്യക്കായി ഇനി ബാറ്റ് ചെയ്യാനുള്ളത്.










0 comments