ad
Deshabhimani

മാലിന്യം തള്ളുന്ന വീഡിയോ വൈറലായി; സോഷ്യൽ മീഡിയയിൽ ട്രോൾസ്, തുടര്‍ന്ന് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

goa garbage video
വെബ് ഡെസ്ക്

Published on Jun 06, 2026, 05:27 PM | 1 min read

ന്യൂഡൽഹി: റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. 23 വയസ്സുകാരനായ കോളേജ് വിദ്യാർഥിയാണ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഗോവയിലെ മാപുസ സ്വദേശിയും ബിരുദാനന്തര ബിരുദ രണ്ടാം വർഷ വിദ്യാർഥിയുമായ സാമുവൽ ഡി ബ്രാഗൻസയാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് സാമുവൽ സ്വയം വെടിവെച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി. ഇതിന് പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു. സാമുവൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും സൈബർ ആക്രമണങ്ങളും ഇയാൾക്കെതിരെ തുടർന്നു.


വീഡിയോ വൈറലായതിനും സോഷ്യൽ മീഡിയയിലെ കടുത്ത വിമർശനങ്ങൾക്കും പിന്നാലെ സാമുവൽ മാനസികമായി കടുത്ത വിഷമത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ സാമുവൽ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് അനുഭവിച്ചിരുന്നതെന്നും അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബം വ്യക്തമാക്കി.


സംഭവത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home