ad
Deshabhimani

എട്ടുവയസുകാരനെതിരെ വേ​ഗത്തിൽ പന്തെറിയുന്നത് വിലക്കി; പിന്നെ കണ്ടത് തളർന്നുവീണ ബൗളർമാരെ

Vaibhav Sooryavanshi

വൈഭവ് സൂര്യവംശി | Photo Credit: Instagram/vaibhav_sooryavanshi09

വെബ് ഡെസ്ക്

Published on Jun 06, 2026, 06:03 PM | 2 min read

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡിന് ഉടമയായിരുക്കയാണ് വൈഭവ് സൂര്യവംശി. വെറും 15 വർഷവും 71 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ദേശീയ ടീമിലെത്തുന്നത്. ഇതിഹാസം സച്ചിൻ ടെൻഡുക്കർ 37 വർഷം മുൻപ് സ്ഥാപിച്ച റെക്കോഡ് ഇതോടെ മായ്ക്കപ്പെട്ടു.


അയർലണ്ടിനും ഇംഗ്ലണ്ടിനും എതിരായ ട്വന്റി20 പരമ്പരകൾക്കും ജപ്പാനിൽ‌ നടക്കുന്ന ഏഷ്യൻ ​ഗെയിംസിനുമുള്ള 16 അംഗ ടീമിലാണ് വൈഭവ് ഇടംപിടിച്ചത്. പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടാൽ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഈ ബിഹാറുകാരന് സ്വന്തമാകും.





ബിഹാറിലെ ചെറു ഗ്രാമമായ സമസ്‌തിപുരിൽനിന്നുള്ള യാത്ര വൈഭവിനെ ഇന്ത്യൻ ക്രിക്കറ്റിലെ വിശാലമായ ക്രീസിലേക്കാണ്‌ എത്തിച്ചിരിക്കുന്നത്‌. തൊടുത്ത ഓരോ സിക്‌സറുകളും പ്രതീക്ഷയുടെ ആകാശംതൊട്ടു. സമസ്‌തിപുരിൽനിന്ന്‌ 90 കിലോ മീറ്റർ യാത്ര ചെയ്‌താണ്‌ വൈഭവ്‌ പറ്റ്‌നയിലെ പരിശീലന കേന്ദ്രത്തിലെത്തിയിരുന്നത്‌.


വായ്‌പയെടുത്ത പണവുമായി മകനെ ക്രിക്കറ്റ്‌ താരമാക്കാൻ ഇറങ്ങിത്തിരിച്ച സഞ്‌ജീവ്‌ സ‍ൂര്യവംശിയുടെ യാത്ര കൂടെയായിരുന്നു അത്‌. അന്നത്തെ എട്ട്‌ വയസുകാരനെതിരെ വേഗത്തിൽ പന്തെറിയുന്നത്‌ വിലക്കിയ പരിശീലകൻ മനീഷ് ഓജ ആറ്‌ മാസത്തിനുശേഷം കണ്ടത്‌ എറിഞ്ഞു തളർന്ന ബ‍ൗളർമാരെയായിരുന്നു. 500 പന്ത്‌വരെ നേരിടുമായിരുന്നു വൈഭവ്‌. സിക്‌സറുകൾ പറക്കുന്നത്‌ ഒരിക്കലും 80–85 മീറ്ററിൽ താഴെവന്നില്ല.


പതിമൂന്നാം വയസിലാണ്‌ വൈഭവിനെ രാജസ്ഥാൻ ലേലത്തിൽ സ്വന്തമാക്കുന്നത്‌. 14 വയസിൽ അരങ്ങേറി. ആ സീസണിൽ 35 പന്തിൽ സെഞ്ചുറിയുമായി ഞെട്ടിച്ചു. അതിവേഗ സെഞ്ചുറിയിൽ രണ്ടാമതായി.


അണ്ടർ 19 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇതുവരെ കാണാത്ത കാഴ്‌ചകളായിരുന്നു അന്നത്തെ പതിനാലുകാരന്റെ ബാറ്റിൽ പുറത്തുവന്നത്‌. ഹരാരെ സ്‌പോർട്‌സ്‌ ക്ലബ്‌ മൈതാനത്ത്‌ വൈഭവ് തകർത്താടി. കിരീടപ്പോരിൽ ഇംഗ്ലണ്ടിനെ 100 റണ്ണിന്‌ തകർത്ത്‌ ഇന്ത്യ ആറാമതും മുത്തമിട്ടപ്പോൾ പതിനാലുകാരന്റെ പേര്‌ ചരിത്രത്തിലേക്ക്‌ എഴുതപ്പെട്ടു. 15 സിക്‌സറുകളും 15 ഫോറും ഉൾപ്പെടെ 80 പന്തിൽ നേടിയത്‌ 175 റൺ.


ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലും താരം തന്റെ മികവ് ആവർത്തിച്ചു. ഐപിഎല്ലിൽ അരങ്ങേറി രണ്ടാംസീസണിൽതന്നെ വൈഭവ്‌ സൂര്യവംശി റണ്ണടിക്കാരിൽ മുന്നേറി.





സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 16 കളിയിൽ 776 റണ്ണാണ്‌ നേടിയത്‌. 72 സിക്‌സറും 63 ഫോറും അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും നാല്‌ അർധസെഞ്ചുറികളുമാണ്‌ പതിനഞ്ചുകാരൻ സീസണിൽ നേടിയത്‌. രണ്ട്‌ തവണ 90കളിലാണ്‌ പുറത്തായത്‌. കൂടുതൽ റണ്ണടിക്കുന്നവർക്കുള്ള ഓറഞ്ച് തൊപ്പി നേടുന്ന പ്രായം കുറഞ്ഞ താരമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home