യുവാവിനെ മർദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഗുണ്ടാ നേതാവ് അട്ടാണി അനീഷ് പിടിയിൽ

കൊച്ചി: യുവാവിനെ ക്രൂരമായി മർദിച്ച് ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷ് (43) പിടിയിലായി. മറ്റൊരു മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇയാൾ ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതി മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാസം എറണാകുളം എംജി റോഡിലെ ചായക്കടയിൽ വെച്ച് ഒരു യുവാവിനെ മർദിച്ച് കേസിൽ ഒളിവിൽ പോയ അട്ടാണി അനീഷിനെ തൃശൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും സമാനമായ അതിക്രമം ആവർത്തിച്ചത്. കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമീഷണർ പ്രേമാനന്ദ കൃഷ്ണൻ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിജോ എം ജെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ചത്.










0 comments