ad
Deshabhimani

ഗിർ വനത്തിൽ സിംഹക്കുട്ടികൾ ചത്തത് 'ബാബേസിയ' ബാധിച്ചല്ല, കടുത്ത ചൂട് മൂലം: മന്ത്രി

LIONCUB
വെബ് ഡെസ്ക്

Published on Jun 06, 2026, 07:18 PM | 1 min read

ഗാന്ധിനഗർ : ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിൽ അടുത്തിടെ എട്ട് ഏഷ്യൻ സിംഹക്കുട്ടികൾ ചത്തത് 'ബാബേസിയ' അണുബാധയോ മറ്റ് വൈറസുകളോ മൂലമല്ലെന്ന് വനം മന്ത്രി അർജുൻ മോദ്‌വാഡിയ. കടുത്ത ചൂടും അതിനെതുടർന്നുണ്ടായ ക്ഷീണത്തിലുമാണ് സിംഹക്കുട്ടികൾ ചത്തതെന്ന് മന്ത്രി വ്യക്തമാക്കി.


ചുരുങ്ങിയ സമയത്തിനുള്ളിൽ എട്ട് കുഞ്ഞുങ്ങൾ ചത്തത് ആശങ്കയ്ക്ക് കാരണമായിരുന്നു. ചെള്ളുകളിലൂടെയും കനൈൻ ഡിസ്റ്റെമ്പർ വൈറസിലൂടെയും (CDV) പടരുന്ന 'ബാബേസിയ' പരാദമാണ് ഇതിന് പിന്നിലെന്ന് തുടക്കത്തിൽ സംശയിച്ചിരുന്നു. ഇവ മൃഗങ്ങളുടെ പ്രതിരോധശേഷി തകർക്കുന്ന വൈറസാണ്. എന്നാൽ ലാബ് പരിശോധനയിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു.


രോഗബാധ സംശയിച്ച പ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 600 സിംഹങ്ങളെ പരിശോധിക്കുകയും വിരമരുന്ന് നൽകി പ്രദേശം അണുവിമുക്തമാക്കുകയും ചെയ്തു. ചത്ത കുഞ്ഞുങ്ങളുടെ സാമ്പിളുകൾ ഗാന്ധിനഗറിലെ ഗുജറാത്ത് ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിലാണ് പരിശോധിച്ചത്.


മുൻകരുതൽ നടപടിയായി ഐസൊലേഷനിലാക്കിയ 17 സിംഹങ്ങളിൽ അസുഖം ഭേദമായ 12 എണ്ണത്തിനെ കാട്ടിലേക്ക് തുറന്നുവിട്ടു. ബാക്കിയുള്ള 5 എണ്ണം നിലവിൽ ആരോഗ്യവാന്മാരാണെന്നും ഉടൻ തന്നെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കുമെന്നും മന്ത്രി അറിയിച്ചു. രോഗം മൂലം നിലവിൽ സിംഹമരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം ഒരു സിംഹം ചത്തിരുന്നു.


2018ൽ സിഡിവി, പ്രോട്ടോസോവൻ അണുബാധകൾ കാരണം ഗിർ വനത്തിൽ ഒരു മാസത്തിനുള്ളിൽ 11 സിംഹങ്ങൾ ചത്തിരുന്നു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ലോകത്തിലെ ഏക സ്വാഭാവിക ആവാസ കേന്ദ്രമാണ് ഗുജറാത്തിലെ ഗിർ വനമേഖല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home