എംജി സെനറ്റിൽ 30ൽ 19 പേരും സംഘപരിവാറുകാർ; കാവിവത്കരണത്തിൽ വിമർശനം പോലുമില്ലാതെ മന്ത്രി

റോജി എം ജോൺ, എംജി സർവകലാശാല
കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പിലാക്കുന്ന ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ആവർത്തിച്ച് മന്ത്രി റോജി എം ജോൺ. സംഘപരിവാർ നേതാവായ അധ്യാപകനെ എംജി സർവകലാശാല വൈസ് ചാൻസലർ ആക്കിയത് സർക്കാർ അധികാരത്തിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ്. സർക്കാരിന് പട്ടിക നൽകാൻ സാവകാശമുണ്ടായില്ലെന്നും ചാൻസലറായ ഗവർണർ അദ്ദേഹത്തിന്റെ അധികാരം വിനിയോഗിച്ചാണ് ഡി മാവൂതിനെ വിസിയായി നിയമിച്ചതെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകായിരുന്നു മന്ത്രി.
എംജി സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ആർഎസ്‌എസ്–ബിജെപിക്കാരെ ഗവർണർ കുത്തിനിറച്ചിട്ടും യുഡിഎഫ് നേതാക്കൾ മൗനം തുടരുന്നതിൽ വിമർശനം ശക്തമാണ്. 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ പ്രതിനിധികളെയാണ് ഗവർണർ നിയമിച്ചത്.
അതത് മേഖലകളിൽ വൈദഗ്‌ധ്യം തെളിയിച്ചവരെ അവഗണിച്ച് ആർഎസ്‌എസ് അനുഭാവമുള്ളവരെ സെനറ്റിൽ തിരുകിക്കയറ്റിയിട്ടും മുഖ്യമന്ത്രി വി ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും വിമർശനം ഉന്നയിച്ചിട്ടില്ല. മറ്റ് യുഡിഎഫ് കക്ഷികളും ഭരണകക്ഷി സംഘടനകളും മൗനം തുടരുകയാണ്. കൊച്ചി സർവകലാശാലയിലെ ബിജെപി അധ്യാപക സംഘടനാ നേതാവ് ഡി മാവൂതിനെ വി സിയാക്കിയപ്പോഴും യുഡിഎഫ് മൗനം പാലിച്ചു. യുഡിഎഫ്–ബിജെപി ഡീലാണ് നേതാക്കളുടെ മൗനത്തിൽ തെളിയുന്നത്.
അക്കാദമിക് മേഖല, കല, സാംസ്‌കാരികം, വാണിജ്യം, കായികം മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് സെനറ്റിലേക്ക് നിർദേശിക്കാറുള്ളത്. ഗവർണർ നിർദേശിച്ച 19 പേരും സംഘപരിവാർ സംഘടനാ ഭാരവാഹികളും സജീവ ആർഎസ്‌എസ് പ്രവർത്തകരുമാണ്.
വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോൾ റാങ്ക് ജേതാക്കൾ ഉൾപ്പെടെ ഉന്നതവിജയം നേടിയവരുടെ പട്ടിക സർവകലാശാലയിൽനിന്നും വാങ്ങിയശേഷമാണ് നിർദേശിക്കാറുള്ളത്. ഇത്തവണ മെറിറ്റ് മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി.
സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാരിൽനിന്ന്‌വാങ്ങി അതിൽനിന്നാണ് താൽക്കാലിക വിസിമാരെ ഗവർണർ നിയമിക്കാറുള്ളത്. ഇത്തവണ സർക്കാർ പാനൽ നൽകിയില്ല. പുതിയ വിസിയെ തെരഞ്ഞെടുക്കാനായി സെർച്ച് കമ്മിറ്റിയേിലേക്ക് പ്രതിനിധിയെ നൽകാനുള്ള പ്രത്യേക സെനറ്റ് യോഗം മാറ്റുകയുംചെയ്‌തു.
ഗവർണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് സെനറ്റ് യോഗം മാറ്റിയത്. ലോക്‌ഭവൻ കേന്ദ്രീകരിച്ച് സംഘപരിവാർ സമ്മർദങ്ങൾക്ക് പൂർണമായും കീഴടങ്ങുകയാണ് യുഡിഎഫ് നേതൃത്വം.










0 comments