ഫുട്ബോൾ ലോകകപ്പ്
സുരക്ഷയ്ക്ക് റോബോട്ട് നായ്ക്കൾ; കൗതുകത്തിലും ആശങ്കയിലും ആരാധകർ

പ്രതീകാത്മക എഐ ചിത്രം
ഡാളസ് : 2026 ഫിഫ ലോകകപ്പിന്റെ സുരക്ഷയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യയുമായി ഫിഫ. ഇതിന്റെ ഭാഗമായി ടെക്സസിലെ ഡാളസിലുള്ള അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റ് സെന്ററിന്റെ സുരക്ഷാ ചുമതലയ്ക്കായി റോബോട്ട് നായ്ക്കളെ വിന്യസിച്ചു. ലോകകപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മാധ്യമപ്രവർത്തകർക്കും സാങ്കേതിക വിദഗ്ധർക്കും സുരക്ഷയൊരുക്കുകയാണ് ഈ റോബോട്ടുകളുടെ പ്രധാന ചുമതല. ഫിഫയുടെ പ്രധാന പങ്കാളികളായ ഹ്യുണ്ടായി കമ്പനിയാണ് ഈ റോബോട്ട് പട്രോളിങ് യൂണിറ്റുകൾ നിർമിച്ചിരിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി ഈ റോബോട്ട് നായ്ക്കൾ ബ്രോഡ്കാസ്റ്റ് സെന്ററിന് ചുറ്റും പട്രോളിങ് നടത്തുന്നതിന്റെയും നിരീക്ഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കഴിഞ്ഞ ദിവസം ഈ സെന്റർ സന്ദർശിക്കുകയും ലോകകപ്പിനായി ഒരുക്കിയിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളെയും എഐ സംവിധാനങ്ങളെയും പ്രശംസിക്കുകയും ചെയ്തു. ഒമ്പത് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഡാളസിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഫിഫ അധികൃതരുടെ വിലയിരുത്തൽ.
അതേസമയം, റോബോട്ട് നായ്ക്കളുടെ വരവ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചില ആരാധകർ ഇതിനെ കൗതുകത്തോടെ നോക്കിക്കാണുമ്പോൾ മറ്റ് ചിലർ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നുണ്ട്. നമ്മളെ നോക്കി സാധാരണ നായയെപ്പോലെ ശാന്തമായി അടുത്തു വരികയും എന്നാൽ യഥാർഥത്തിൽ മുഖം സ്കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയുമാണ് ഇവ ചെയ്യുന്നതെന്നാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചത്. കോവിഡ് കാലത്തെപ്പോലെ വീണ്ടും മാസ്ക് ധരിക്കേണ്ടി വരുമോ എന്ന് ചിലർ ചോദിക്കുമ്പോൾ, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. ഏതായാലും ലോകകപ്പ് ആവേശത്തിനൊപ്പം ഈ റോബോട്ട് നായ്ക്കളും ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.









0 comments