ad
Deshabhimani

സിപിഐ എം നേതാക്കളെ വേട്ടയാടാനുള്ള ഇഡി നീക്കം നിയമപരമായും രാഷ്ട്രീയമായും നേരിടും

cpim
വെബ് ഡെസ്ക്

Published on Jun 06, 2026, 08:09 PM | 2 min read

തിരുവനന്തപുരം: നേതാക്കളെ വേട്ടയാടി സിപിഐ എമ്മിനെ തകർത്തുകളയാമെന്നത്‌ ബിജെപിയുടേയും ഇ ഡിയടക്കമുള്ള ഏജൻസികടെയും വ്യാമോഹം മാത്രമാണെന്നും കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


കരുവന്നൂർ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടർച്ചയാണ്‌ പിഎംഎൽഎ കോടതിയുടെ തീരുമാനത്തിലുടെ വ്യക്തമാകുന്നത്. പാർടി കേന്ദ്ര കമ്മിറ്റിയംഗവും എ.പിയുമായ കെ രാധാകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായ എ സി മൊയ്‌തീൻ, സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ്‌ അടക്കമുള്ളവർക്ക്‌ അടുത്ത നാലിന്‌ ഹാജരാകാനാണ് സമൻസ്‌ അയച്ചത്.


സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ പേരിൽ പാർട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേർക്കുന്നത്‌ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്‌. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിചേർത്തത്‌ എന്ന്‌ വ്യക്തമാണ്‌. ബിജെപിയുടെ ദാസൻമാരായി നിന്നുകൊണ്ട്‌ ജനകീയ നേതാക്കളെ അപകീർത്തിപ്പെടുത്താനും അതുവഴി പാർട്ടിയെ തന്നെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്‌. അതിന്‌ മുന്നിൽ കീഴടങ്ങാൻ സിപിഐ എം ഒരുക്കമല്ല.


കെ രാധാകൃഷ്‌ണനും എ സി മൊയ്‌തീനും എം എം വർഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങൾക്ക്‌ നന്നായി അറിയാവുന്നതാണ്‌. അവർ അഴിമതി നടത്തിയെന്നോ ആരെയെങ്കിലും കൊള്ളയടിച്ചുവെന്നോ കള്ളപ്പണം വെളുപ്പിച്ചുവെന്നോ ഇ ഡി പറഞ്ഞാൽ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ. പാർടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവർ കരുവന്നൂർ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്‌. സർക്കാരിനൊപ്പം നിന്ന്‌ അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ച്‌ നിക്ഷേപകർക്ക്‌ പണം തിരികെ നൽകാൻ സംവിധാനമുണ്ടാക്കുകയുമാണ്‌ ഇവർ ചെയ്‌തത്‌. ബാങ്കിന്റെ പ്രവർത്തനം പഴയതുപോലെ സുഗമമാക്കാനും ഇവർ പ്രയത്‌നിച്ചു.


കരുവന്നൂർ ബാങ്കിന്‌ എതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ച്‌ വസ്‌തുതകൾ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടർന്നാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ രാഷ്ട്രീയ താൽപര്യങ്ങളോടെ ഇ ഡി വന്നു കയറിയത്‌.


ഇല്ലാത്ത കള്ളപ്പണക്കേസ്‌ എടുത്ത്‌ നേതാക്കളെ അകത്താക്കി കേന്ദ്ര ബിജെപിക്ക്‌ ദാസ്യവേല ചെയ്യുന്ന ഈ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥരുടെ സ്ഥിതിയും കേരളം കണ്ടതാണ്‌. ഇ ഡി ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെപിടികൂടിയത്‌ വിജിലൻസ്‌ ഉദ്യോഗസ്ഥരാണ്‌. കേസുകൾ ഒതുക്കിത്തീർക്കാൻ ഉന്നത ഉദ്യോഗസ്ഥൻ വൻതോതിൽ കൈക്കൂലി വാങ്ങിയതും പുറത്തുവന്നിട്ടുണ്ട്‌. നേതാക്കളെ വേട്ടയാടി സിപിഐ എമ്മിനെ തകർത്തുകളയാമെന്നത്‌ കേന്ദ്ര ബിജെപിയുടേയും ഇഡിയടക്കമുള്ള ഏജൻസികടെയും വ്യാമോഹം മാത്രമാണ്‌.


മറ്റേതെങ്കിലും പാർടികളേയോ നേതാക്കളെയോ വിരട്ടിയും കോടതി കയറ്റിയും ഇഡി വഴി നേട്ടമുണ്ടാക്കുന്ന ബിജെപി, സിപിഐ എമ്മിൽ നിന്ന്‌ അത്‌ പ്രതീക്ഷിക്കണ്ട. വൈരാഗ്യ ബുദ്ധിയോടെയുള്ള ഇഡി യുടെ നീക്കങ്ങളെ തിരിച്ചറിയണമെന്നും കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home