ad
Deshabhimani

സ്വത്ത് തട്ടിയെടുക്കാൻ ഇന്ത്യൻ വംശജനെ സഹോദരനും മകനും ചേർന്ന് കൊലപ്പെടുത്തി

UP Police.jpg
വെബ് ഡെസ്ക്

Published on Jun 06, 2026, 08:30 PM | 1 min read

അമൃത്‌സർ: കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കുന്നതിനായി ഇന്ത്യൻ വംശജനെ സഹോദരനും മകനും ചേർന്ന് കൊലപ്പെടുത്തി. ഓസ്‌ട്രേലിയൻ പൗരനായ സുനിൽ ശർമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ സുനിൽ ശർമ്മയുടെ സഹോദരൻ സതീഷ് ശർമ്മ, മകൻ സണ്ണി ശർമ്മ, പ്രോപ്പർട്ടി ഡീലർ ലക്ഷ്വീന്ദർ സിംഗ് എന്നിവരെ അമൃത്‌സർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞ മെയ് 23 മുതൽ സുനിൽ ശർമ്മയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിന് ലഭിച്ച പരാതിയിലാണ് ഇപ്പോൾ കൊലപാതക വിവരം പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


പഞ്ചാബിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ള സുനിൽ ശർമ്മയെ ഒരു പ്രോപ്പർട്ടി ഡീലിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേനയാണ് പ്രതികൾ വിളിച്ചുവരുത്തിയത്. തുടർന്ന് ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം തലയ്ക്കടിച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കിടക്കകളും മറ്റ് തെളിവുകളും ഒളിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സുനിൽ ശർമ്മയുടെ മൃതദേഹം ഹരികെ മേഖലയിൽ തള്ളിയതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്താനായി ഒന്നിലധികം പോലീസ് സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.


സുനിൽ ശർമ്മയുടെയും സഹോദരിയുടെയും പേരിലുള്ള 5 മുതൽ 6 കോടി രൂപ വരെ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജ പവർ ഓഫ് അറ്റോർണി രേഖകൾ ചമച്ച് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി. വൻ തട്ടിപ്പാണ് ഇതിന് പിന്നിൽ നടന്നിരിക്കുന്നതെന്ന് അമൃത്‌സർ റൂറൽ എസ്എസ്പി കൻവൽപ്രീത് സിംഗ് ചാഹൽ വ്യക്തമാക്കി. കേസിൽ പങ്കാളികളായ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യാജരേഖകൾ ചമയ്ക്കാൻ പ്രതികളെ സഹായിച്ച മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എസ്എസ്പി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home