'അരാഷ്ട്രീയ ഉപദേശവും, കാവിക്കൊടി കെട്ടലും ഒരുമിച്ച് ഇങ്ങോട്ട് വേണ്ട'; ഗവർണറോട് എസ്എഫ്ഐ

രാജേന്ദ്ര ആർലേക്കർ, പി എസ് സഞ്ജീവ്
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ. കാമ്പസുകളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എം ജി സർവകലാശാലയുടെ വൈസ് ചാൻസലറായി ആർഎസ്എസുകാരനെ ഗവർണർ നിയമിച്ചതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. 30 അംഗ സെനറ്റിൽ 19 സംഘപരിവാറുകാരെയും നിയമിക്കുന്നു. ആർഎസ്എസും അവർ ഇപ്പോൾ അംഗീകരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയവും ഒഴിച്ചു മറ്റൊന്നും കാമ്പസുകളിൽ ഉണ്ടാവരുത് എന്നതാണ് ഗവർണറുടെ നിലപാടെന്നും സഞ്ജീവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പി എസ് സഞ്ജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
കഴിഞ്ഞാഴ്ച കണ്ണൂർ സർവ്വകലാശാലയിൽ എത്തിയ ചാൻസിലർ കൂടിയായ ഗവർണർ നടത്തിയ പ്രസംഗത്തിന്റെ പൊരുൾ ഇങ്ങനെയായിരുന്നു.
"നമ്മുടെ സർവകലാശാലകളിൽ രാഷ്ട്രീയം വളരെ കൂടുതലാണ്, അത് നമുക്ക് ഒഴിവാക്കണം. അങ്ങനെ രാഷ്ട്രീയമില്ലാത്ത സർവകലാശാലകളെ നമുക്ക് സൃഷ്ടിച്ചെടുക്കാൻ കഴിയണം. വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ പരിമിതപ്പെടുത്തണം".
ഇത് കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ എം ജി സർവകലാശാലയുടെ വിസി ആയി ഒരു ആർഎസ്എസുകാരൻ വരുന്നു. സെനറ്റിൽ ആകെയുള്ള 30ൽ 19 പേരും ആർഎസ്എസുകാരെ നിയമിക്കുന്നു. സംഭവം ഇത്രയേ ഉള്ളൂ ആർഎസ്എസും അവർ ഇപ്പോൾ അംഗീകരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയവും ഒഴിച്ചു മറ്റൊന്നും ഇവിടങ്ങളിൽ ഉണ്ടാവരുത് എന്നതാണ് ഇദ്ദേഹത്തിന്റെ നിലപാട്.
രാജേന്ദ്ര വിശ്വനാഥ ആർലേക്കറോട് പറയാനുള്ളത് അരാഷ്ട്രീയ ഉപദേശവും, മറു കൈ കൊണ്ട് കാവിക്കൊടി കെട്ടലും ഒരുമിച്ച് ഇങ്ങോട്ട് വേണ്ട.
ഗവർണറുടെ പദവിയിൽ ഇരിക്കുന്നു എന്ന് കരുതി നിങ്ങൾ വിശുദ്ധൻ ഒന്നും ആകുന്നില്ല, അടിസ്ഥാനപരമായി നിങ്ങൾ ഇന്ത്യയിലെ കൂട്ടക്കൊലകൾക്കും കലാപങ്ങൾക്കും നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ പ്രവർത്തകനാണ്. Rss കാരൻ.
ബഹുമന്ത്രി റോജി എം ജോണിനും, കോൺഗ്രസിനും ഒക്കെ നിങ്ങളെ പേടിയായിരിക്കും, പക്ഷെ ഒന്ന് പറയട്ടെ ആർലേക്കർ സാറെ...
ഞങ്ങൾ നിങ്ങളുടെ പദ്ധതിയെ പൊളിച്ചടുക്കും. എത്ര പോരാടിയിട്ടാണെങ്കിലും നിങ്ങൾക്ക് വിട്ടു തരില്ല കേരളത്തെ. ജീവൻ കൊടുത്തും സംരക്ഷിക്കും.










0 comments