കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ല കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. റെസിഡൻഷ്യൽ അല്ലാത്ത, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‍പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കുൾപ്പെടെ അവധി ബാധകമാണ്. വിദ്യാർഥികൾ ജലാശയങ്ങളിലും, പുഴകളിലും ഇറങ്ങരുതെന്നും കലക്ടർ നിർദേശിച്ചു.
കാലവർഷമെത്തിയതോടെ തുടർച്ചയായി രണ്ടാംദിവസവും സംസ്ഥാനത്ത് നിരവധി ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോടി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പലയിടങ്ങളിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.









0 comments