6,000 രൂപ മാസശമ്പളത്തിൽ തുടക്കം; ഇന്ന് കോടികളുടെ ആസ്തി: ഒഡീഷയിൽ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്

ഭുവനേശ്വർ: ഒഡീഷയിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഒൻപത് കേന്ദ്രങ്ങളിൽ ഒരേസമയം വിജിലൻസ് റെയ്ഡ്. കണ്ഠമാൽ ജില്ലയിലെ ഐടിഡിഎ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായ ബൈകുണ്ഠ നാഥ് ബെഹ്‌റയുടെയും കുടുംബത്തിന്റെയും ബാങ്ക് ലോക്കറുകളിൽ നിന്നായി രണ്ട് കോടിയോളം രൂപയുടെ കണക്കിൽപ്പെടാത്ത പണവും ആസ്തികളും വിജിലൻസ് കണ്ടെടുത്തു. ഭുവനേശ്വർ, ബാലസോർ, ജാജ്പൂർ, ബലിഗുഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.
ഭുവനേശ്വറിലെ സ്പെഷ്യൽ വിജിലൻസ് കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഡീഷണൽ പൊലീസ് സൂപ്രണ്ടുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന വലിയൊരു സംഘമാണ് ഒരേസമയം ഒൻപതിടങ്ങളിൽ പരിശോധന നടത്തിയത്. ചന്ദ്രശേഖർപൂർ, ശൈലശ്രീ വിഹാർ, കാനൻ വിഹാർ, ജാജ്പൂർ ജില്ലയിലെ ധർമ്മശാല, ബാരിപദ എന്നിവിടങ്ങളിലെ വസതികളിലും ബലിഗുഡയിലെ ഔദ്യോഗിക വസതിയിലും ഓഫീസിലുമായിരുന്നു റെയ്ഡ്.
പരിശോധനയിൽ എഞ്ചിനീയർക്കും കുടുംബത്തിനും പങ്കാളിത്തമുള്ള അഞ്ച് ബഹുനില കെട്ടിടങ്ങൾ വിജിലൻസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭുവനേശ്വറിലെ നീലാദ്രി വിഹാറിലുള്ള 10,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നാല് നില കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഭുവനേശ്വറിലും ജാജ്പൂർ ജില്ലയിലുമായി മറ്റ് നാല് പാർപ്പിട സമുച്ചയങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടങ്ങൾക്ക് പുറമെ ഭുവനേശ്വറിലെ പ്രധാന സ്ഥലങ്ങളിലുള്ള ഏഴ് പ്ലോട്ടുകൾ ഉൾപ്പെടെ ആകെ 13 ഭൂമിയുടെ രേഖകളും വിജിലൻസ് കണ്ടെടുത്തു. ജാജ്പൂരിലും ബാരിപദയിലുമാണ് മറ്റ് പ്ലോട്ടുകളുള്ളത്. ഇവയ്ക്ക് പുറമെ വീടുകളിൽ നടത്തിയ പരിശോധനയിൽ 2.66 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് രണ്ട് കോടിയോളം രൂപ കൂടി കണ്ടെടുത്തത്. സ്വർണ്ണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, തപാൽ സമ്പാദ്യങ്ങൾ, മറ്റ് സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയുടെ മൂല്യനിർണ്ണയം ഇപ്പോൾ നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഔദ്യോഗിക രേഖകൾ പ്രകാരം ബൈകുണ്ഠ നാഥ് ബെഹ്‌റ 1999-ലാണ് ജൂനിയർ എൻജിനീയറായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. അന്ന് വെറും 6,000 രൂപയായിരുന്നു ഇയാളുടെ മാസശമ്പളം. വർഷങ്ങളോളം വിവിധ ഗോത്രവർഗ്ഗ വികസന ഏജൻസികളിലും എൻജിനീയറിങ് വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഇയാൾക്ക് ഈ വർഷം ആദ്യമാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായി പ്രൊമോഷൻ ലഭിക്കുന്നത്.
ഇത്രയും വലിയ തുകയുടെ ആസ്തികൾ ഇയാൾക്ക് എങ്ങനെ വന്നു എന്നതിനെക്കുറിച്ചാണ് വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്നത്. ആഡംബര വസ്‌തുക്കൾ, കോടികൾ വിലമതിക്കുന്ന ഭൂമികൾ, വൻ തുകയുടെ സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവ കണ്ടെത്തിയതോടെ ഈ വർഷം ഒഡീഷയിൽ നടന്ന ഏറ്റവും വലിയ അഴിമതി വിരുദ്ധ അന്വേഷണങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. പരിശോധനകളും മൂല്യനിർണ്ണയവും പൂർത്തിയാകുന്നതോടെ ആകെ ആസ്തിയുടെ യഥാർത്ഥ മൂല്യം വ്യക്തമാകുമെന്ന് വിജിലൻസ് അറിയിച്ചു.









0 comments