കുവൈത്തിന് 1.98 ബില്യൺ ഡോളറിന്റെ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾക്ക് യുഎസ് അനുമതി

കുവൈത്ത് സിറ്റി: കുവൈത്തിന് 1.98 ബില്യൺ ഡോളർ വിലവരുന്ന ഡ്രോൺ പ്രതിരോധ ആയുധങ്ങളും അനുബന്ധ സുരക്ഷാ സംവിധാനങ്ങളും വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. രാജ്യത്തിന് നേരെ തുടരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രതിരോധ കരാറിന് അനുമതി ലഭിച്ചിരിക്കുന്നത്.
നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്ന കുവൈത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സുരക്ഷാ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കരാർ സഹായകരമാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിലും കുവൈത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലും ഈ നീക്കം നിർണായകമാണെന്നും വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച മേഖലാ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് തുടർച്ചയായ ആക്രമണ ഭീഷണികൾ നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഏപ്രിൽ എട്ടിന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഇടയ്ക്കിടെ ആക്രമണ ശ്രമങ്ങളും അതിർത്തി ഭീഷണികളും തുടരുന്നുണ്ട്.
ഇതിനിടെ, ഇതുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 869 ഡ്രോണുകളും കുവൈത്തിനെ ലക്ഷ്യമിട്ട് എത്തിയതായി പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ആക്രമണങ്ങളും വിജയകരമായി തടഞ്ഞതായും അധികൃതർ അറിയിച്ചു.









0 comments