ആ ചിരി മാഞ്ഞു; സലിംകുമാറിന് വിട

കൊച്ചി: വൈവിധ്യമാർന്ന വേഷങ്ങളിലൂടെ മലയാള സിനിമയ്‌ക്ക് മറക്കാനാകാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച അതുല്യനടൻ സലിംകുമാർ അന്തരിച്ചു .57 വയസായിരുന്നു.കരൾ രോഗത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നതിനാൽ ഏറെക്കാലമായി സിനിമാരംഗത്ത് സജീവമായിരുന്നില്ല. അസുഖം മൂർഛിച്ചതിനെ തുടർന്ന് ജൂൺ ആറ് മുതൽ ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
മിമിക്രി വേദിയിൽ തിളങ്ങി ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സലിംകുമാർ അഭിനയത്തികവിലൂടെ അവിസ്‌മരണീയമാക്കിയ കഥാപാത്രങ്ങളും ഏറെ. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ 280 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. മൂന്ന് സിനിമകൾ സംവിധാനംചെയ്‌തു. നിരവധി ജനപ്രിയ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചു. സ്വന്തമായി മിമിക്രി, നാടക ട്രൂപ്പുകളും നടത്തി. 2010ല്‍ പ്രധാനവേഷമിട്ട് പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി.
അച്ഛനുറങ്ങാത്ത വീട് (മികച്ച രണ്ടാമത്തെ നടൻ), അയാളും ഞാനും തമ്മിൽ (ഹാസ്യനടൻ), കറുത്ത ജൂതൻ (മികച്ച കഥ) എന്നീ ചിത്രങ്ങളിലൂടെയും സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. 1969 ഒക്ടോബർ 9-ന് വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായി ജനനം. എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെ എം ജി സർവ്വകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ മൂന്നു തവണ ഒന്നാംസ്ഥാനക്കാരൻ. തുടർന്ന് കൊച്ചിൻ കലാഭവനിൽ.
ഇഷ്ടമാണ് നൂറുവട്ടം ആണ് (1996) ആദ്യ സിനിമ. തെങ്കാശി പട്ടണം, തൊമ്മനും മക്കളും, ഇൗ പറക്കും തളിക, മീശമാധവൻ, കല്യാണരാമൻ, കിളിച്ചുണ്ടൻ മാമ്പഴം,മായാവി, ചതിക്കാത്ത ചന്തു, തിളക്കം തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളിൽ ഹാസ്യ വേഷത്തിൽ തിളങ്ങി. ഇൗ വർഷം വേഷമിട്ട കൂടോത്രം അവസാന ചിത്രം. തമിഴ് ഉൾപ്പെടെ അഞ്ച് ഇതരഭാഷാ ചിത്രങ്ങളും അഭിനയിച്ചു. കമ്പാർട്‌മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നിവ സംവിധാനം ചെയ്‌ത ചിത്രങ്ങൾ.
ഭാര്യ: സുനിത. മക്കൾ: ചന്തു, ആരോമൽ










0 comments