വ്യാജ പാമ്പുകടി മരണങ്ങൾ കാണിച്ച് ലക്ഷങ്ങളുടെ ധനസഹായം തട്ടിപ്പ്: ഡോക്ടറും വക്കീലുമടക്കം 19 പേർ അറസ്റ്റിൽ

ബിലാസ്പൂർ: വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ നിർമിച്ച്, പാമ്പുകടിയേറ്റുള്ള മരണങ്ങൾക്കുള്ള സർക്കാർ ധനസഹായത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഡോക്ടറും സംഘവും അറസ്റ്റിൽ. ഹോം ഗാർഡുകളും അഭിഭാഷകനും അടങ്ങുന്ന 19 അംഗ സംഘത്തെ ഛത്തീസ്ഗഢ് ബിലാസ്പൂർ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരും താലൂക്ക് ജീവനക്കാരും ഉൾപ്പെടുന്ന വലിയൊരു സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.
പ്രകൃതിദുരന്തങ്ങളും അപകടമരണങ്ങളും സംഭവിക്കുമ്പോൾ നൽകുന്ന റവന്യൂ ബുക്ക് സർക്കുലർ പദ്ധതി പ്രകാരമുള്ള ആശ്വാസധനമാണ് ഇവർ വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. ബിലാസ്പൂർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രാജ്‌നേഷ് സിംഗ് അറിയിച്ചതനുസരിച്ച്, ഇതുവരെ ഏകദേശം 64 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന 16 കേസുകളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2019 നവംബറിനും 2024 ഫെബ്രുവരിക്കും ഇടയിലാണ് ഈ തട്ടിപ്പുകൾ നടന്നിരിക്കുന്നത്.
സാധാരണ രോഗങ്ങൾ, ക്യാൻസർ, ആത്മഹത്യ എന്നിവ കാരണം മരിച്ചവരുടെ പഴയ കേസുകൾ കണ്ടെത്തി, അവർ പാമ്പുകടിയേറ്റാണ് മരിച്ചതെന്ന രീതിയിൽ വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ നിർമ്മിക്കുകയായിരുന്നു ഈ സംഘത്തിന്റെ പ്രധാന രീതി. ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, പട്വാരിമാർ എന്നിവരുടെ വ്യാജ സീലുകളും ഒപ്പുകളും നിർമ്മിച്ചാണ് ഇവർ രേഖകൾ യഥാർത്ഥമെന്ന് തോന്നിപ്പിച്ചിരുന്നത്. ഈ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഡോ. പ്രിയങ്ക സോണി (37) എന്ന വനിതാ ഡോക്ടറെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പം ബിലാസ്പൂർ സിംസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ഹോം ഗാർഡുകളായ രാംകുമാർ പതൻവാർ, രാമേശ്വർ ഭാസ്കർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ആശുപത്രിയിൽ ഏതെങ്കിലും മൃതദേഹം എത്തുമ്പോൾ ഹോം ഗാർഡുകൾ വിവരം സംഘത്തിന് കൈമാറുകയും, തുടർന്ന് അഭിഭാഷകനായ ഹീരാ പ്രസാദ് ഖണ്ഡേക്കർ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സമീപിച്ച് പാമ്പുകടി മരണമാണെന്ന് കാണിച്ച് ധനസഹായം നേടാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന മറ്റ് ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം രേഖകളിൽ കൃത്രിമം കാണിക്കുന്നതിന് മുൻപ്, മൃതദേഹങ്ങളിൽ പാമ്പുകടിയേറ്റതിന് സമാനമായ മുറിവുകൾ കൃത്രിമമായി ഉണ്ടാക്കാൻ പോലും പ്രതികൾ തുനിഞ്ഞിരുന്നു.
താലൂക്ക് ഓഫീസിലെ ദിവസവേതന ജീവനക്കാരനായ ഗോവിന്ദ് വിശ്വകർമ എന്നയാളാണ് മറ്റ് സർക്കാർ ജീവനക്കാരുടെ സഹായത്തോടെ ഈ വ്യാജ ഫയലുകൾ വേഗത്തിൽ പാസാക്കിയെടുക്കാൻ നേതൃത്വം നൽകിയത്. ഛത്തീസ്ഗഢിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. ഇതിൽ വെറും 50,000 രൂപ മാത്രമാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയിരുന്നതെന്നും ബാക്കി തുക പ്രതികൾ വീതിച്ചെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വ്യാജ സർക്കാർ സീലുകൾ, വ്യാജ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, മരണ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡുകൾ, ബാങ്ക് പാസ്‌ബുക്കുകൾ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, പണം എന്നിവ പൊലീസ് പരിശോധനയിൽ പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടിട്ടുള്ള ബാക്കി പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.









0 comments