ദേശാഭിമാനിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതം; എന്തെല്ലാം പ്രസിദ്ധീകരിക്കണമെന്ന് പത്രം തീരുമാനിക്കും: എം സ്വരാജ്

എം സ്വരാജ്
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്‌ച ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് മാധ്യമങ്ങൾ നടത്തിയതെന്ന് റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണത്താലാണ് വാരാന്തപ്പതിപ്പ് ഒരു ദിവസം വൈകിയത്. എന്നാൽ ആദ്യം അച്ചടിച്ച പത്രം വിതരണം ചെയ്തില്ലെന്ന് പ്രചരിപ്പിച്ചു. പിന്നീട് വി എസ് അനുസ്മരണം ഒഴിവാക്കിയെന്നായി. മൂന്നാമതായി വന്നത് നാടകക്കാരനെ സംബന്ധിച്ച ലേഖനം ഒഴിവാക്കിയതിനാലാണ് പത്രം അച്ചടിക്കാതിരുന്നതെന്ന്. പത്രം വൈകിയത് സാങ്കേതിക കാരണങ്ങൾ മൂലമാണ്. ഇത് ആദ്യത്തെ സംഭവമല്ല. എല്ലാ പത്രങ്ങളിലും സംഭവിക്കാറുണ്ട്. അതൊന്നും വാർത്തയും വിവാദവുമാകാറില്ല. മാധ്യമങ്ങള്‍ പറയുന്ന നാടകക്കാരനെ കുറിച്ച് ദേശാഭിമാനിയിൽ ലേഖനമുണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് ലേഖനങ്ങൾ വരാറുണ്ട്. ചിലത് പ്രസിദ്ധീകരിക്കും ചിലത് മാറ്റിവെക്കും ചിലത് തിരിച്ചയക്കും. അത് പത്രത്തിന്റെ അവകാശമാണ്. ദേശാഭിമാനി എന്ത് കൊടുക്കണമെന്നും എന്ത് കൊടുക്കേണ്ടയെന്നും മാധ്യമങ്ങളല്ല തീരുമാനിക്കേണ്ടത്. വി എസിന്റെ ചരമദിനത്തിന് മുമ്പായി ഇറങ്ങുന്ന വാരാന്തപ്പതിപ്പിൽ വി എസിനെ കുറിച്ചുള്ള അനുസ്മരണം തന്നെ ആയിരിക്കണം മുഖ്യയിനമെന്ന് തീരുമാനിച്ചിരുന്നു. അത് അനുസരിച്ച് ഒന്നാം പേജ് തയ്യാറാക്കി. ആദ്യ പേജ് മാത്രം പോര അവസാന പേജും വി എസ് തന്നെ ആയിരിക്കണമെന്ന് എഡിറ്റോറിയൽ തീരുമാനിച്ചു. അവിടെ മറ്റൊന്നും ബാധകമല്ല. പത്രം അങ്ങനെ തന്നെ തയ്യറാക്കി. സാങ്കേതിക പ്രശ്നം മൂലം ഒരു ദിവസം വൈകിയെന്ന് മാത്രം.
ദേശാഭിമാനി ആർക്കെതിരെയും നടപടി എടുത്തിട്ടില്ല. മാധ്യമപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ദേശാഭിമാനി വാരാന്തപ്പതിപ്പിലേക്ക് ലേഖനങ്ങൾ തരാം. പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ദേശാഭിമാനി തീരുമാനിക്കും. പ്രസിദ്ധീകരിച്ചില്ലെങ്കിൽ മുക്കി എന്ന് പറയരുത്. അത് തീർത്തും അനുചിതമായി പോയെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.










0 comments