യുദ്ധക്കൊതി തീരുന്നില്ല, ചെലവ് താങ്ങാനാകാതെ അമേരിക്ക; ഇതുവരെ ചെലവായത് 3.6 ലക്ഷം കോടി രൂപ

Image Credit : gamereactor
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതുവരെ 37.5 ബില്യൺ ഡോളർ (ഏകദേശം 3.6 ലക്ഷം കോടിയിലധികം രൂപ) ചെലവായതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. യു.എസ് സൈന്യത്തിന്റെ ഇറാൻ ആക്രമണം തുടരുന്നതിനിടയിലാണ് ചെലവ് സംബന്ധിച്ച പുതിയ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 8 ബില്യൺ ഡോളറിന്റെ വർനയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ഭരണകൂടത്തിന്റെ അടിയന്തര പ്രതിരോധ ധനസഹായ ആവശ്യത്തെ സെനറ്റ് സമിതിയിൽ പ്രതിരോധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹെഗ്‌സെത്.
സൈനിക ബജറ്റുമായി ബന്ധപ്പെട്ട റിപ്പബ്ലിക്കൻ പാർട്ടിയുടെ പാക്കേജിനെച്ചൊല്ലി പാർലമെന്റിൽ രൂക്ഷമായ തർക്കങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ ഹെഗ്‌സെത്, സൈനിക നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അടിയന്തര ഫണ്ട് അത്യാവശ്യമാണെന്ന് ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. 87.6 ബില്യൺ ഡോളറിന്റെ അടിയന്തര ധനസഹായ പാക്കേജിന് അനുമതി നൽകണമെന്നാണ് ഹെഗ്‌സെത് ആവശ്യപ്പെട്ടത്.
ഇറാൻ സൈനിക കാമ്പെയ്‌നെത്തുടർന്ന് പെന്റഗണിനുണ്ടായ ഭീമമായ ചെലവുകൾ നികത്താനാണ് ഈ തുകയിൽ ഭൂരിഭാഗവും വിനിയോഗിക്കുക. "ഈ അടിയന്തര യുദ്ധ ഫണ്ട് വളരെ അത്യാവശ്യമായ ഒന്നാണ്. ആവശ്യത്തിന് ഫണ്ട് ലഭിച്ചില്ലെങ്കിൽ സൈന്യം ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും," പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കി.
കടുത്ത പ്രതിഷേധം, വിയോജിപ്പുമായി ഡെമോക്രാറ്റുകൾപ്രതിരോധ സെക്രട്ടറിയുടെ പ്രസംഗത്തിനിടെ പലതവണ പ്രതിഷേധക്കാർ യോഗം തടസ്സപ്പെടുത്തി. യുദ്ധത്തിന്റെ വ്യാപ്തിയെയും ട്രംപ് ഭരണകൂടത്തിന്റെ തന്ത്രങ്ങളെയും പ്രതിപക്ഷമായ ഡെമോക്രാറ്റ് അംഗങ്ങൾ ശക്തമായി ചോദ്യം ചെയ്തു. അമേരിക്ക വീണ്ടുമൊരു 'അവസാനമില്ലാത്ത യുദ്ധത്തിലേക്ക്' നീങ്ങുകയാണെന്ന് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗമായ സെനറ്റർ പാറ്റി മുറെ മുന്നറിയിപ്പ് നൽകി. "ഈ യുദ്ധം ഇപ്പോൾ നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്," അവർ കൂട്ടിച്ചേർത്തു.
ജൂലൈ ആദ്യം മുതൽ ഇതുവരെ സംഘർഷത്തിൽ 17 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ പ്രതിരോധ മേഖലകളെ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെ തങ്ങളെ വരുതിയിലാക്കാമെന്ന ട്രംപിന്റെ തന്ത്രത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാനും.










0 comments