ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു

ജീവനൊടുക്കിയ വിദ്യ
തിരുവനന്തപുരം: യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കല്ലമ്പലം നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ള-സ്നേഹലത ദമ്പതികളുടെ മകൾ വിദ്യ (37 -കൊച്ചുമോൾ) ആണ് മരിച്ചത്. ഭർത്താവ് മനോജുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന വിദ്യ, സീമന്തപുരത്ത് ഒരു വനിതാഹോട്ടൽ നടത്തിവരികയായിരുന്നു. ഇവിടെയുണ്ടായ കടുത്ത കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. പനിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ, അവിടെനിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തുകയായിരുന്നു. തുടർന്ന്, തന്റെ സ്കൂട്ടറിൽ ഒഴിക്കാൻ കരുതിവെച്ചിരുന്ന പെട്രോളെടുത്ത് ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംഭവത്തിൽ കല്ലമ്പലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ സങ്കടങ്ങളോ ഉണ്ടാകുമ്പോൾ അതിജീവിക്കാൻ ശ്രമിക്കുക, വിദഗ്ധരുടെ സഹായം തേടുക. സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: 1056, 0471-2552056.










0 comments