'കുട്ടികളുടെ തലച്ചോറുകൾ വിൽക്കാനുള്ളതല്ല'; 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഫ്രാൻസ്

പാരിസ്: കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗവും മാനസികാരോഗ്യ പ്രശ്നങ്ങളും തടയുന്നതിനായി 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമം ഫ്രഞ്ച് പാർലമെന്റ് പാസാക്കി. ഫ്രാൻസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരുസഭകളും വോട്ട് രേഖപ്പെടുത്തി അംഗീകാരം നൽകുകയായിരുന്നു.
യൂറോപ്യൻ യൂണിയനിൽ ഇത്തരമൊരു സമ്പൂർണ്ണ സോഷ്യൽ മീഡിയ നിരോധനം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഫ്രാൻസ് മാറി. ഫ്രഞ്ച് പ്രെസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക കാലാവധിയിലെ ഏറ്റവും പ്രധാനപ്പെട്ട നയങ്ങളിലൊന്നായാണ് ഈ നിയമം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ, രാജ്യത്തെ ഹൈസ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനും ഈ പുതിയ ബില്ലിലൂടെ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബർ മാസം മുതൽ തന്നെ ഈ നിയമം രാജ്യത്ത് നടപ്പിലാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ തീരുമാനത്തെ ഫ്രഞ്ച് പ്രെസിഡന്റ് ശക്തമായി പിന്തുണച്ചിരുന്നു. "നമ്മുടെ കുട്ടികളുടെ തലച്ചോറുകൾ വിൽക്കാനുള്ളതല്ല, അത് അമേരിക്കൻ പ്ലാറ്റ്‌ഫോമുകൾക്കോ ചൈനീസ് അൽഗോരിതങ്ങൾക്കോ വിട്ടുകൊടുക്കാൻ കഴിയില്ല" എന്ന് മുൻപ് അദ്ദേഹം പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയുടെ അടിമത്തം കുട്ടികളുടെ സ്വപ്നങ്ങളെയും അവരുടെ ചിന്താശേഷിയെയും നിർണ്ണയിക്കുന്ന അവസ്ഥ മാറണമെന്നും, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിയമപ്രകാരം സെപ്റ്റംബർ മാസം മുതൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കാൻ സാധിക്കില്ല. തുടർന്ന് വരുന്ന ജനുവരി മാസത്തോടെ ഈ പ്രായപരിധിയിലുള്ള കുട്ടികളുടെ നിലവിലുള്ള അക്കൗണ്ടുകൾ പൂർണ്ണമായും നിർജ്ജീവമാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശം നൽകും. ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ഫേസ്ബുക്ക്, ടിക് ടോക്, എക്സ്, സ്നാപ്ചാറ്റ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള പ്ലാറ്റ്‌ഫോമുകൾക്കും ഈ നിരോധനത്തിൽ ഇളവ് നൽകിയിട്ടുണ്ട്.









0 comments