ad
Deshabhimani

ആദായനികുതി റിട്ടേണ്‍ ജാഗ്രതയോടെ നല്‍കണം

 Income Tax Return.jpg
avatar
പി ജെ എബ്രഹാം

Published on Jul 22, 2026, 09:06 AM | 2 min read

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ എല്ലാ 
സ്രോതസ്സിൽനിന്നുള്ള വരുമാനവും കൃത്യമായി വെളിപ്പെടുത്തണം. ചെറിയൊരു വിട്ടുപോകൽപോലും നോട്ടീസ് ലഭിക്കാൻ ഇടയാക്കും. പിഴകളും അധിക നികുതിയും 
അടയ്ക്കേണ്ടിവരാം. 31 ആണ് ഈവര്‍ഷത്തെ 
റിട്ടേണ്‍ നല്‍കാനുള്ള അവസാന തീയതി


ഈ വര്‍ഷത്തെ, അതായത് 2025–26 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാന്‍ ഇനി ഏതാനും ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചെറിയ തെറ്റുകള്‍പോലും ആദായനികുതി വകുപ്പിൽനിന്നുള്ള നോട്ടീസുകൾ ലഭിക്കാനോ, ആനുകൂല്യങ്ങൾ നഷ്ടപ്പെടാനോ ഇടയാക്കുമെന്ന കാര്യം ഓര്‍ത്തുവേണം റിട്ടേണ്‍ സമര്‍പ്പിക്കാന്‍. അതിനാല്‍, അവസാന നിമിഷത്തിലെ പരക്കംപാച്ചിലില്‍ പണികിട്ടാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ഒത്തുനോക്കണം വരുമാനം

ഐടിആര്‍ സമര്‍പ്പിക്കുന്നതില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് നികുതിദായകരുടെ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റും (എഐഎസ്) ഫോം 26 എഎസും. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ വരുമാനം ഇവയുമായി ഒത്തുനോക്കി തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ സ്രോതസ്സിൽനിന്നുള്ള വരുമാനവും കൃത്യമായി വെളിപ്പെടുത്തുകയും വേണം.

​ വിദേശത്തുള്ള ആസ്തികളും വിദേശത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വരുമാനമുണ്ടെങ്കിലതും കൃത്യമായും പൂര്‍ണമായും വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ ആദായനികുതി നിയമങ്ങള്‍ക്ക് പുറമെ കള്ളപ്പണനിയമം (ബ്ലാക്ക്മണി ആക്ട്) പ്രകാരമുള്ള പിഴകളും നേരിടേണ്ടിവരും.


​ശരിയായ ഫോമും 
വെരിഫിക്കേഷനും

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ശരിയായ ഫോം തെരഞ്ഞെടുക്കണം. അല്ലെങ്കില്‍ റിട്ടേണ്‍ അസാധുവാകും. വ്യക്തിഗത ആദായനികുതിദായകര്‍ക്ക് വരുമാന സ്രോതസ്സുകള്‍ക്കനുസരിച്ച് ഐടിആര്‍ ഒന്നുമുതല്‍ നാലുവരെയുള്ള ഫോമുകളില്‍ ഉചിതമായത് തെര‍ഞ്ഞെടുക്കാം.www.incometax.gov.in/iec/forportal/downloads/incom-tax-returns എന്ന വെബ്സൈറ്റിലൂടെ ഫോമുകള്‍ ലഭ്യമാകും.

റിട്ടേണ്‍ വെരിഫൈ ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വെരിഫൈ ചെയ്യാത്ത റിട്ടേണ്‍ ഫയൽ ചെയ്യാത്തതായിട്ടാണ് കണക്കാക്കുക. നിർദിഷ്ട സമയപരിധിക്കുള്ളിൽ ആധാർ ഒടിപി വഴിയോ നെറ്റ്‌ബാങ്കിങ് വഴിയോ റിട്ടേണ്‍ ഇ -വെരിഫൈ ചെയ്യണം.

അവസാന 
തീയതി കഴിഞ്ഞാല്‍

അവസാന തീയതി കഴിഞ്ഞും റിട്ടേണ്‍ സമര്‍പ്പിക്കാം. ഇതിനെ വൈകിയുള്ള (ബിലേറ്റഡ്) റിട്ടേണായി പരിഗണിക്കും. പക്ഷേ, ചില അധിക ചെലവുകളും നഷ്ടങ്ങളും സഹിക്കേണ്ടിവരും. വാര്‍ഷിക ആദായം 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ളവര്‍ 1000 രൂപയും അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ 5000 രൂപയും പിഴ നല്‍കണം. മൂലധന വിപണിയിലോ ബിസിനസിലോ ഉണ്ടാകുന്ന നഷ്ടങ്ങൾ അടുത്ത വർഷങ്ങളിലേക്ക് കൊണ്ടുപോകാനുള്ള (ക്യാരി ഫോർവേഡ്) അവകാശം നഷ്ടപ്പെടുകയും പഴയ നികുതി വ്യവസ്ഥയിലേക്ക് മാറാനുള്ള അവസരം ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെയുള്ള അധിക ചെലവുകളും നഷ്ടങ്ങളും ഉണ്ടെങ്കിലും, ഫയൽ ചെയ്യാതിരിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് ശ്രദ്ധയോടെ ഫയൽ ചെയ്യുന്ന ഒരു ബിലേറ്റഡ് റിട്ടേണാണ്.

ഓര്‍ക്കണം 
ഈ 4 കാര്യങ്ങള്‍


ഇളവുകളുടെയും കിഴിവുകളുടെയും രേഖകൾ: കൃത്യമായ രേഖകളില്ലാതെ നികുതിയിളവുകൾ ക്ലെയിം ചെയ്യരുത്. ഡാറ്റാ മാച്ചിങ്ങിലൂടെ ഇവ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവകാശപ്പെടുന്ന ഇളവുകളുടെയും കിഴിവുകളുടെയും രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം. നികുതി പൂജ്യമാണെങ്കിലും 
റിട്ടേണ്‍: ഐടിആര്‍ വ്യക്തിജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കുമുള്ള ഒരു ആധികാരിക സര്‍ക്കാര്‍ രേഖയായും ഉപയോഗിക്കാവുന്നതാണ്. അതിനാല്‍ അടയ്‌ക്കേണ്ട നികുതി പൂജ്യമാണെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് നല്ലത്.


അറിവില്ലെങ്കില്‍ വിദഗ്ധ സഹായം: ഐടിആര്‍ ഏതൊരു വ്യക്തിക്കും സ്വയം സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍, ആദായനികുതി നിയമങ്ങളെക്കുറിച്ച് അത്യാവശ്യം അറിവില്ലെങ്കില്‍ സ്വയം ചെയ്യാതിരിക്കുക. ഏതെങ്കിലും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സേവനം നേടുന്നതാണ് നല്ലത്. അവസാന തീയതിയിലെ 
സാങ്കേതിക തകരാര്‍: റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിവരെ കാത്തിരിക്കരുത്. അവസാനദിവസങ്ങളിൽ ആദായനികുതി പോർട്ടലിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇതിന്റെപേരില്‍ സമയപരിധി നീട്ടിക്കിട്ടാനുള്ള സാധ്യതയും കുറവാണ്.



( അഭിപ്രായങ്ങളും നിർദേശങ്ങളും ലേഖകന്റേത്. ജാക്ക്സ് ആന്‍ഡ് അസോസിയറ്റ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് പാര്‍ട്ണറും ആലപ്പുഴ ശാഖ മേധാവിയുമാണ് ലേഖകന്‍)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home