ad
Deshabhimani

ഓടയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

kozhikode Migrant worker accident.jpg
വെബ് ഡെസ്ക്

Published on Jun 06, 2026, 07:59 PM | 1 min read

കോഴിക്കോട്: നഗരത്തിൽ ഓടയിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷിച്ചു. പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി അജയ് ഓറോണി (26) നെയാണ് സ്ലാബ് പൊളിച്ച് രക്ഷപ്പെടുത്തിയത്. പുഷ്പ ജങ്ഷന് സമീപം ഇൻഡോ അസോസിയറ്റ്‌സ് കെട്ടിടത്തിന് മുമ്പിലെ ഓടയിൽനിന്ന് ശനി പകൽ 11ഓടെയാണ് ഇയാളെ പുറത്തെടുത്തത്. സ്ലാബിന് വശത്തുള്ള ചെറിയ വിടവിലൂടെ കൈ പുറത്തുകണ്ട നാട്ടുകാരാണ് ബീച്ച് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ സംഘം അര മണിക്കൂറിനുള്ളിൽ യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു.


സ്ലാബിലെ കോൺക്രീറ്റ് മാറ്റുന്നത് യുവാവിന് പരിക്കേൽക്കാൻ കാരണമാകുമെന്നതിനാൽ സ്ലാബുകൾ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ഉയർത്തി മാറ്റിയാണ് പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കുവെള്ളവും ചെളിയുമുണ്ടായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ചെമ്മങ്ങാട് പൊലീസെത്തി പ്രാഥമിക ചികിത്സയ്ക്കായി ഉടൻ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചു.


അതേസമയം, അഴുക്കുചാലിൽ വീണിട്ട് രണ്ട് ദിവസമായെന്ന് അജയ് പറഞ്ഞെങ്കിലും ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും ഓടയിലേക്ക് ഇറങ്ങാനോ അബദ്ധത്തിൽ വീഴാനോ സാധ്യതയുള്ള മാൻഹോളുകൾ ഇല്ല. ഓടയുടെ മുകൾഭാഗം സ്ലാബുകൾ ഇട്ട് പൂർണ്ണമായും മൂടിയ നിലയിലുമാണ്. അതിനാൽ യുവാവ് എങ്ങനെയാണ് ഓടയ്ക്കുള്ളിൽ എത്തിയെന്നതിൽ ദുരൂഹതയുണ്ട്. ഇയാൾ ബംഗാളിൽ നിന്ന് നാട്ടിലെത്തിയിട്ട് ഒരാഴ്ച പോലുമായില്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തൊഴിലിനായി എത്തിയതാണോ എന്നതടക്കം അന്വേഷണം നടക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home