ad
Deshabhimani

പഞ്ചാബിൽ പതിനഞ്ചുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകൻ അറസ്റ്റിൽ

Crime Scene
വെബ് ഡെസ്ക്

Published on Jun 06, 2026, 06:13 PM | 1 min read

ചണ്ഡീഗഡ് : പഞ്ചാബിൽ പതിനഞ്ചു വയസുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സൂട്ട്കേസിലാക്കി വനമേഖലയിൽ കൊണ്ടുപോയി കത്തിച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. മെയ് 29 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. നവൻഷഹർ ഗർഹ്ശങ്കർ റോഡ് സ്വദേശിനിയായ ഉഷാ റാണിയുടെ മകളാണ് കൊല്ലപ്പെട്ടത്. തെളിവ് നശിപ്പിക്കാൻ മൃതദേഹം കാട്ടിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ആരോ തന്റെ മകളെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ എത്തിയത് ഇവരുമായി ഏറ്റവും അടുത്ത ആളിലേക്കാണ്.


ജാദ്ലി ഗ്രാമവാസിയായ ഗുർവീന്ദർ സിങ് (ഗുർപ്രീത് ഗോപ -23) ആണ് കേസിലെ മുഖ്യപ്രതി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയുമായി ഗുർവീന്ദർ പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ വീട്ടിൽ ഇയാൾ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ പെൺകുട്ടി ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഇത് വീട്ടിൽ നിരന്തരമായ തർക്കങ്ങൾക്കും പ്രതിക്ക് പെൺകുട്ടിയോട് കടുത്ത വിരോധമുണ്ടാകാനും കാരണമായി.


ഗർഹ്ശങ്കർ റോഡിലെ വാടകവീട്ടിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്താണ് പ്രതി കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം സൂട്ട്കേസിനുള്ളിലാക്കി അയൽ ജില്ലയായ ഹോഷിയാർപൂരിലെ ഖുരാൽഗഡ് ഗ്രാമത്തിനടുത്തുള്ള വിജനമായ വനപ്രദേശത്ത് കൊണ്ടുപോയി കത്തിക്കുകായായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും അവശിഷ്ടങ്ങൾ കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home