ad
Deshabhimani

യുദ്ധരംഗത്ത് യുഎസ് മേധാവികൾക്ക് മേൽ ഇസ്രയേലിന്റെ ചാര നിരീക്ഷണം, വിടവ് വര്‍ധിക്കുന്നു

t and n
വെബ് ഡെസ്ക്

Published on Jun 06, 2026, 05:37 PM | 2 min read

വാഷിങ്ടൺ: അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ ചാരപ്രവർത്തനം നടത്തുന്നതായി യു എസ് പ്രതിരോധ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഇസ്രായേലിൽ നിന്നുള്ള സുരക്ഷാഭീഷണി ഏറ്റവും ഉയർന്ന നിരക്കായ 'ക്രിട്ടിക്കൽ' എന്ന വിഭാഗത്തിലേക്ക് പെന്റഗണിലെ പ്രതിരോധവിഭാഗം ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമമായ 'എൻബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു.


ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള വാഗ്വാദങ്ങൾ വാര്‍ത്തകളിൽ നിറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവാദം.


ആദ്യമായല്ല, യുഎസ് നേരത്തെ സംശയിച്ച കാര്യം


പെന്റഗണിന് കീഴിലുള്ള ഡിഫൻസ് ഇന്റലിജൻസ് ഏജൻസി അടുത്തിടെ പുറത്തിറക്കിയ ഏഴ് പേജുള്ള ആഭ്യന്തര വിലയിരുത്തൽ രേഖയിലാണ് ഇസ്രായേലിന്റെ ചാരപ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്റെ മിഡിൽ ഈസ്റ്റ് നയങ്ങളും ആഭ്യന്തര ചർച്ചകളും ചോർത്താൻ ഇസ്രായേൽ തീവ്രശ്രമം നടത്തുന്നു എന്നാണ് യു എസ് ഇന്റലിജൻസ് കരുതുന്നത്. ഇസ്രയേലിന്റെ ഇത്തരം നീക്കങ്ങളെ കുറിച്ച് നേരത്തെ തന്നെ സംശയങ്ങളും അതുസംബന്ധിച്ച വാര്‍ത്തകളും പുറത്തെത്തിയിരുന്നു. എന്നാൽ നെതന്യാഹു ട്രംപ് ബന്ധത്തിലും യുദ്ധ സാഹചര്യം മാറ്റങ്ങൾ വരുത്തിയതോടെ ഇവ കൂടുതൽ ഗൗരവതരമാവുകയുമാണ്.


മനുഷ്യരെ ഉപയോഗിച്ചുള്ള ചാരവൃത്തിയിലും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവരശേഖരണത്തിലും ഇസ്രായേലിനുള്ള ശേഷി യു എസിന് വലിയ ഭീഷണിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ഇസ്രായേൽ സന്ദർശിക്കുന്ന മുതിർന്ന യുഎസ് ഉദ്യോഗസ്ഥർക്ക് കടുത്ത സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.


ഇസ്രായേൽ സന്ദർശന വേളയിൽ ഉദ്യോഗസ്ഥർ സ്വന്തം ഫോണുകൾക്ക് പകരം 'ബേണർ ഫോണുകളും താൽക്കാലിക കമ്പ്യൂട്ടറുകളുമാണ് ഉപയോഗിക്കുന്നത്. ഇസ്രായേലിലെ ഹോട്ടൽ മുറികളിലോ മറ്റ് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ ഇരുന്ന് അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യരുതെന്ന് നയതന്ത്രജ്ഞർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശമുണ്ട്.


ഇറാനുമായുള്ള യുദ്ധത്തിന് ശേഷം മേഖലയിൽ സമാധാനം കൊണ്ടുവരാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര ചർച്ചകൾക്ക് മുൻകൈ എടുക്കുമ്പോൾ, അതിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് നെതന്യാഹു സ്വീകരിക്കുന്നത്. ലബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ട്രംപും നെതന്യാഹുവും തമ്മിൽ ഫോണിൽ രൂക്ഷമായ തർക്കമുണ്ടായി. ട്രംപ് നെതന്യാഹുവിനെ 'ഭ്രാന്തൻ' -Crazy- എന്ന് വിളിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് പിന്നീട് ഇരുവരും ശരിവെക്കുകയും സൗഹാര്‍ദ്ദപരമായ സംഭാഷണത്തിനിടെയായിരുന്നു എന്ന് അവകാശപ്പെടുകയും ചെയ്തു.


നിഷേധിച്ച് ഇസ്രായേൽ


അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നു എന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് വാഷിങ്ടണിലെ ഇസ്രായേൽ എംബസി പ്രതികരിച്ചു. ഇസ്രായേൽ തങ്ങളുടെ മിത്രങ്ങളെ നിരീക്ഷിക്കാറില്ലെന്നും ശത്രുക്കൾക്ക് എതിരെ മാത്രമാണ് ഇന്റലിജൻസ് പ്രവർത്തനങ്ങൾ നടത്താറുള്ളതെന്നും അവർ വ്യക്തമാക്കി. വൈറ്റ് ഹൗസും ഔദ്യോഗികമായി ഈ റിപ്പോർട്ടുകൾ തള്ളി. എങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളുടെ ഇന്റലിജൻസ് പങ്കാളിത്തത്തെ ഈ പുതിയ സംഭവവികാസങ്ങൾ ബാധിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home