സ്വന്തം തട്ടകത്തിലാണ് ബൊളീവിയ ബ്രസീലിനെ തോൽപ്പിച്ചത്
അർജന്റീനയും ബ്രസീലും തോറ്റു

ബ്രസീലിനെതിരെ ബൊളീവിയയുടെ വിജയഗോൾ നേടിയ മിഗ്വേൽ ടെർസെറോസ്
എൽ അൽടോ (ബൊളീവിയ)
ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ അവസാന പോരിൽ തോറ്റ് അർജന്റീനയും ബ്രസീലും. ലോക ചാമ്പ്യൻമാർ ഇക്വഡോറിനോട് ഒറ്റ ഗോളിന് തോറ്റു. ലാറ്റിനമേരിക്കൻ മേഖലയിലെ മറ്റൊരു കളിയിൽ ബ്രസീലിനെ ഒരു ഗോളിന് തോൽപ്പിച്ച ബൊളീവിയ പ്ലേ ഓഫിന് യോഗ്യത നേടി. ബ്രസീൽ അഞ്ചാംസ്ഥാനക്കാരായാണ് കടന്നത്.
കൊളംബിയയോട് 6–3ന് തോറ്റ വെനസ്വേല പുറത്തായി. ഉറുഗ്വേ–ചിലി മത്സരം ഗോൾരഹിതമായി അവസാനിച്ചു. പരാഗ്വേ ഒരു ഗോളിന് പെറുവിനെ കീഴടക്കി.
ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് ആറ് ടീമുകൾക്കാണ് നേരിട്ട് യോഗ്യത. അർജന്റീന (18 കളിയിൽ 38 പോയിന്റ്), ഇക്വഡോർ (29), കൊളംബിയ (28), ഉറുഗ്വേ (28), ബ്രസീൽ (28), പരാഗ്വേ (28) ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. ഏഴാംസ്ഥാനക്കാരായ ബൊളീവിയ (20) അടുത്ത വർഷം മാർച്ചിൽ പ്ലേ ഓഫ് കളിക്കും. ജയിച്ചാൽ യോഗ്യത.
വെനസ്വേലയ്‌ക്കൊപ്പം (18) പെറു (12), ചിലി (11) ടീമുകൾ പുറത്തായി.
ലാറ്റിനമേരിക്കയിലെ അവസാന റൗണ്ടിൽ അപ്രതീക്ഷിത ഫലങ്ങളായിരുന്നു. പുറത്താകലിന്റെ വക്കിലുണ്ടായിരുന്ന ബൊളീവിയയുടെ ജയമായിരുന്നു അതിൽ പ്രധാനം. അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെതിരെ മിഗ്വേൽ ടെർസെറോസിന്റെ പെനൽറ്റി ഗോളിലാണ് ജയം പിടിച്ചത്. 1994നുശേഷം ആദ്യമായി ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിലാണ് അവർ. 2019നുശേഷം ആദ്യമായാണ് ബ്രസീൽ ബൊളീവിയയോട് തോൽക്കുന്നത്. മുൻനിര താരങ്ങളെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ കാർലോ ആൻസെലോട്ടി ടീമിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.
18 കളിയിൽ 28 പോയിന്റുമായാണ് അവസാനിപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ബൊളീവിയയുടെ ജയം വെനസ്വേലയുടെ പ്രതീക്ഷകൾ തകർത്തു. വെനസ്വേലയ്‌ക്ക് 18 പോയിന്റാണ്. ബൊളീവിയക്ക് 20. സ്‌പോർടിങ് ക്ലബ്ബിനായി പന്ത് തട്ടുന്ന ലൂയിസ് സുവാരസിന്റെ നാല് ഗോൾ മികവിലാണ് കൊളംബിയ വെനസ്വേലയെ തകർത്തത്.
അർജന്റീനയ്‌ക്കെതിരെ എന്നെർ വലെൻഷ്യ പെനൽറ്റിയിലൂടെ ഇക്വഡോറിന്റെ വിജയഗോൾ കുറിച്ചു. അർജന്റീന പ്രതിരോധക്കാരൻ നിക്കോളാസ് ഒട്ടമെൻഡി കളിയുടെ ആദ്യഘട്ടത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഇക്വഡോർ താരം മോയ്‌സെസ് കയ്‌സെദോയും ചുവപ്പുകാർഡ് കണ്ട് മടങ്ങി.








0 comments