പൊന്മുടിയെ കാക്കാൻ കുട്ടിക്കൂട്ടത്തിന്റെ പ്ലാസ്റ്റിക് വേട്ട

പൊന്മുടി ഗവ. യു പി എസിലെ കുട്ടികൾ മാലിന്യങ്ങൾ ശേഖരിക്കുന്നു
വിതുര
പൊന്മുടിയിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ വേറിട്ടൊരു പരിസ്ഥിതി ദൗത്യവുമായി ഒരു കൂട്ടം കൊച്ചുകുട്ടികൾ. വിനോദസഞ്ചാരത്തിന് എത്തുന്നവരും സിനിമാ, -സീരിയൽ ഷൂട്ടിങ് സംഘങ്ങളും അലക്ഷ്യമായി ഉപേക്ഷിച്ചുപോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് ഈ കുരുന്നുകൾ. ഭൂമിയുടെ ശ്വാസകോശങ്ങളായ വനമേഖലകളെ പ്ലാസ്റ്റിക് എങ്ങനെ നശിപ്പിക്കുന്നു എന്ന തിരിച്ചറിവിലാണ് കുട്ടികൾ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. വഴിയോരങ്ങളിലും കാട്ടുചോലകൾക്ക് സമീപവും പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് ഭീഷണിയാകുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റ് അജൈവ മാലിന്യങ്ങളും അവർ പെറുക്കിയെടുത്തു. മണ്ണിലേക്ക് ലയിച്ചുചേരാത്ത പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കാട്ടുമൃഗങ്ങളുടെ ജീവനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ‘പ്ലാസ്റ്റിക്കിനെ സ്നേഹപൂർവം കൈകാര്യം ചെയ്യുക', ‘ഉപയോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക' തുടങ്ങിയ സന്ദേശങ്ങളുള്ള വലിയ ചാക്കുകളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനും പുനരുപയോഗിക്കാനും ഹരിതകർമ സേനയ്ക്ക് കൈമാറി. പ്രകൃതിയെ മുറിവേൽപ്പിക്കുന്ന മുതിർന്നവരുടെ ഉത്തരവാദിത്വമില്ലായ്മയെ തിരുത്തുകയായിരുന്നു ഈ കൊച്ചുകുട്ടികൾ. പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യന് നിലനിൽപ്പുള്ളൂ എന്ന സന്ദേശവും ഇവർ സമൂഹത്തിന് നൽകി.







0 comments