വായ്‌പാവിതരണം: ബാങ്കുകൾക്ക് ഉദാരസമീപനം വേണം

തിരുവനന്തപുരം
വായ്‌പാവിതരണത്തിൽ ബാങ്കുകൾ കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി. ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടത്തിയ ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി എസ് അഖിൽ, നബാർഡ് ജില്ലാ വികസന മാനേജർ അൽ നിഹാദ് മുഹമ്മദ് എന്നിവർ ബാങ്കുകളുടെ നിക്ഷേപ- വായ്പാവിതരണപ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ജില്ലയിലെ ബാങ്കുകൾ 38,690 കോടി രൂപ മുൻഗണനാവായ്പ നൽകി. 114 ശതമാനം ലക്ഷ്യം കൈവരിച്ചു. 33,945 കോടി രൂപയായിരുന്നു വാർഷികലക്ഷ്യം. കാർഷികമേഖലയിൽ 23,348 കോടി രൂപയും എംഎസ്എംഇ മേഖലയിൽ 12,453 കോടി രൂപയുമാണ് വായ്പ നൽകിയത്. ജില്ലയിലെ വായ്പ നിക്ഷേപാനുപാതം 75.7 ശതമാനമാണ്. 2026 മാർച്ച് 31 വരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1,56,765 കോടി രൂപയും വായ്പ 1,18,672 കോടി രൂപയുമാണ്. 949 ബാങ്ക് ശാഖകളാണ് ജില്ലയിലുള്ളത്. കലക്ടർ അനുകുമാരി അധ്യക്ഷയായി.








0 comments