വർക്കല ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചു

വർക്കല നഗരസഭ ഷീ ലോഡ്ജിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ ഗീത ഹേമചന്ദ്രൻ നിർവഹിക്കുന്നു
വർക്കല
സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കാൻ വർക്കല നഗരസഭയുടെ "ഷീ ലോഡ്ജ്" പ്രവർത്തനമാരംഭിച്ചു. ജോലി, വിദ്യാഭ്യാസം, ചികിത്സ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വർക്കലയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. സ്ത്രീശാക്തീകരണത്തിനും സാമൂഹിക സുരക്ഷയ്ക്കും കൂടുതൽ കരുത്തേകുന്ന സംരംഭംകൂടിയാണിത്. വർക്കല നഗരസഭ ബസ്‌സ്റ്റാൻഡിന് സമീപം 43,79,520 രൂപ ചെലവിൽ നിർമിച്ച ലോഡ്ജിൽ 2 ഡബിൾ മുറികളും 3 സിംഗിൾ മുറികളുമാണുള്ളത്. ദൂരസ്ഥലങ്ങളിൽനിന്ന് ശിവഗിരിയിലേക്ക് രാത്രികളിലും മറ്റും വരുന്ന സ്ത്രീകൾക്ക് ഷീ ലോഡ്ജ് ഏറെ പ്രയോജനകരമാകും. കുടുംബശ്രീയുടെ സംരംഭക യൂണിറ്റിനാണ് ചുമതല. എസി, നോൺ എസി റൂമുകളും ഭക്ഷണവും ലഭിക്കും. മാനേജർ, റിസപ്ഷനിസ്റ്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ സ്ത്രീകളാണ്. പ്രവർത്തനോദ്ഘാടനം വർക്കല നഗരസഭാധ്യക്ഷ ഗീത ഹേമചന്ദ്രൻ നിർവഹിച്ചു. രഞ്ജു ബിനു, ബി സജി, ജി മേരി, എച്ച് ഫഹദ്, അനീഷ്, വിജയകുമാരി, നീനുമോൾ, പ്രേംകുമാരി, പ്രിയങ്ക, ഷീബ എന്നിവർ സംസാരിച്ചു.







0 comments