ad
Deshabhimani

print edition അലകടൽ
അർജന്റീന; ക്ലാസിക്‌ 
സ്‌പാനിഷ്‌

Lionel MessI Lamine Yamal

ലയണൽ മെസി, ലമീൻ യമാൽ | Photo: AFP

വെബ് ഡെസ്ക്

Published on Jul 18, 2026, 12:02 AM | 2 min read

ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈ-നലിനാണ്‌ കളമൊരുങ്ങുന്നത്‌. ഒരറ്റത്ത്‌ നിലവിലെ ജേതാക്കളായ അർജന്റീന. മറുവശത്ത്‌, യൂറോപ്യൻ ജേതാക്കളായ സ്‌പെയ്‌ൻ. നാളെ അർധരാത്രി ഇ‍ൗ ടീമുകളിലൊന്ന്‌ ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിൽ കപ്പ്‌ ഉയർത്തും.രണ്ട്‌ വ്യത്യസ്‌ത ആശയത്തിൽ പന്ത്‌ തട്ടുന്ന രാജ്യങ്ങളാണ്‌ അർജന്റീനയും സ്‌പെയ്‌നും. ദേശീയതയ്‌ക്കപ്പുറം ക്ലബ്‌ ഫുട്‌ബോളിന്റെ വിശാലമായ അടിത്തറയാണ്‌ സ്‌പെയ്‌നിന്‌. വൈകാരികമായാണ്‌ അർജന്റീന കളിക്കുക. ലോകകപ്പ്‌ ഉൾപ്പെടെ മൂന്ന്‌ കിരീടങ്ങൾ നേടിയ സംഘമാണ്‌. ആ ഇഴയടുപ്പമാണ്‌ ടീമിന്റെ കരുത്തും ആത്മവിശ്വാസവും.


അർജന്റീന


എങ്ങനെയെത്തി


സെമിയിൽ ഇംഗ്ലണ്ടിനെ നേരിടുംവരെ ലോക റാങ്കിങ്ങിൽ ആദ്യ പതിനഞ്ചിലുള്ള ഒരു ടീമിനെയും അർജന്റീനയ്‌ക്ക്‌ നേരിടേണ്ടിവന്നിട്ടില്ല. കടലാസിൽ എളുപ്പമായിരുന്നെങ്കിലും കളികൾ കഠിനമായിരുന്നു. നവാഗതരായ കേപ്‌ വെർദെയോട്‌ അധികസമയംവേണ്ടിവന്നു നിലവിലെ ജേതാക്കൾക്ക്‌. ഇ‍ൗജിപ്‌തിനെതിരായ പ്രീ ക്വാർട്ടർ ജയം വിവാദത്തിൽ മുങ്ങി. സ്വിറ്റ്‌സർലൻഡുമായുള്ള ക്വാർട്ടറും കടുത്തു. അധികസമയത്തായിരുന്നു ഇ‍ൗ ജയവും. സെമിയിൽ ഇംഗ്ലണ്ടിനോട്‌ കളി അവസാനിക്കാൻ അഞ്ച്‌ മിനിറ്റ്‌ ശേഷിക്കെയാണ്‌ തിരിച്ചുവന്നത്‌. ജയിക്കുക, അത്‌ തുടരുക എന്ന ആശയമാണ്‌ കോച്ച്‌ ലയണൽ സ്‌കലോണിയുടേത്‌.


​മിന്നുംതാരം


ലയണൽ മെസിയുടെ പ്രഭാവമാണ്‌ ടീമിന്റെ ശക്തി. 2022ൽ ടീമിനെ ജേതാക്കളാക്കിയ മെസി അമേരിക്കയിലും അതേ മികവിലാണ്‌. എട്ട്‌ ഗോളും നാല്‌ അവസരമൊരുക്കലുമുണ്ട്‌ മുപ്പത്തൊന്പതുകാരന്‌. തുടർച്ചയായ രണ്ടാംകിരീടം ലക്ഷ്യമിടുന്ന മെസിയുടെ ചലനങ്ങൾ ഫൈനലിൽ നിർണായകമാകും.

മറക്കാനാകാത്ത നിമിഷം


ഇ‍ൗ ലോകകപ്പിൽ ഏറെ വൈകാരിക മുഹൂർത്തങ്ങളുണ്ട്‌ അർജന്റീനയ്‌ക്ക്‌. എങ്കിലും അതിൽ മുന്നിൽനിൽക്കുന്നത്‌ ഇംഗ്ലണ്ടിനെതിരായ ല‍ൗതാരോ മാർട്ടിനെസിന്റെ ഹെഡർ. ഫൈനലിലേക്കുള്ള പ്രവേശം ആ ഗോളിലായിരുന്നു. മെസിയുടെ വലംകാൽ ക്രോസ്‌ തലകൊണ്ട്‌ കുത്തിയിട്ടപ്പോൾ ല‍ൗതാരോയുടെ കളിജീവിതത്തിലെയും ഏറ്റവും മനോഹരമായ നിമിഷമാണ്‌ പിറന്നത്‌.


സ്പെയ്ൻ


എങ്ങനെയെത്തി


കേപ്‌ വെർദെയുമായുള്ള ആദ്യ കളി 0–0ന്‌ അവസാനിച്ചപ്പോൾ സ്‌പെയ്‌നിന്റെ മികവിന്‌ നേരെ സംശയമുയർന്നു. പക്ഷേ, എല്ലാ വിമർശങ്ങളെയും കാറ്റിൽപ്പറത്തി ലൂയിസ്‌ ഡാ ലെ ഫുയന്റയുടെ സംഘം മുന്നേറി. വഴങ്ങിയത് ഒറ്റ ഗോൾ മാത്രം. ക്വാർട്ടറിൽ ബൽജിയത്തിനെതിരെ. ഡാലസിൽ ഫ്രാൻസിനെ 2–0ന്‌ തോൽപ്പിച്ചതോടെ യൂറോ ചാന്പ്യൻമാരുടെ കരുത്ത്‌ വ്യക്തമായി. നോക്ക‍ൗട്ടിൽ ഓസ്‌ട്രിയ, പോർച്ചുഗൽ, ബൽജിയം, ഫ്രാൻസ്‌ തുടങ്ങിയ യൂറോപ്യൻ കരുത്തൻമാരെ തോൽപ്പിച്ചത്‌ ആത്മവിശ്വാസമുയർത്തി.

മിന്നുംതാരം


മിക്കേൽ ഒയർസബാൽ. ലോകകപ്പിൽ സ്‌പെയ്‌നിന്റെ അപ്രതീക്ഷിത ഹീറോ. അഞ്ച്‌ ഗോളാണ്‌ റയൽ സോസിഡാഡിന്റെ മുന്നേറ്റക്കാരൻ നേടിയത്‌. 2024 യൂറോയിൽ ഇംഗ്ലണ്ടിനെതിരെ സ്‌പെയ്‌നിന്റെ വിജയഗോൾ നേടിയത്‌ ഒയർസബാലാണ്‌. ലോകകപ്പ്‌ നോക്ക‍ൗട്ട്‌ ഘട്ടത്തിൽ മൂന്ന്‌ ഗോളടിച്ചു. ഫൈനലിൽ ഇരുപത്തൊന്പതുകാരൻ നിർണായക ഘടകമാകും

മറക്കാനാകാത്ത 
നിമിഷം


സെമിയിൽ ഫ്രാൻസിനെതിരെ പെഡ്രോ പോറോ ഗോൾ നേടിയ നിമിഷം. ആ ഗോളിൽ സ്‌പെയ്‌ൻ ജയം സുരക്ഷിതമാക്കി. ടോട്ടനം ഹോട്‌സ്‌പറിൽ കളിക്കുന്ന പോറോ പ്രതിരോധ താരമാണ്‌. ഫ്രാൻസിന്റെ ബോക്‌സിൽ കയറി ആത്മവിശ്വാസത്തോടെയാണ്‌ അടിതൊടുത്തത്‌. കളത്തിൽ ആരിൽനിന്നും ഏത്‌ ഭാഗത്തുനിന്നും എതിരാളികളെ ആക്രമിക്കാനാകുമെന്ന്‌ അടിവരയിടുന്നതായിരുന്നു പോറോയുടെ ഗോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home