അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച നവജാതശിശുവിനെ ഏറ്റെടുത്തു

എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച നവജാതശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി സെൻസിയിൽനിന്ന് ഏറ്റുവാങ്ങുന്നു
കൊച്ചി
എറണാകുളം ജനറൽ ആശുപത്രിപ്പരിസരത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച നവജാതശിശുവിനെ ചികിത്സയ്ക്കുശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ചൊവ്വ രാത്രിയിലാണ് കുട്ടിയെ അമ്മത്തൊട്ടിലിൽ സുരക്ഷിതമായി കിടത്തിയശേഷം അജ്ഞാതൻ വിവരം ജനറൽ ആശുപത്രി എക്സ്ചേഞ്ചിൽ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ ആശുപത്രി അധികൃതർ കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി ശിശുപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കുട്ടി ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. ജനറൽ ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി സെൻസി, നവജാത ശിശുരോഗവിഭാഗം ഡോക്ടർമാർ എന്നിവരിൽനിന്ന് കുഞ്ഞിനെ അധികൃതർ ഏറ്റുവാങ്ങി.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, കമ്മിറ്റി അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. എം ശ്രീലക്ഷ്മി, വി കെ സന്ധ്യ, ജിൻസിമോൾ കുര്യൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഡോ. ജയന്തി പി നായർ, ചൈൽഡ് ലൈൻ സൂപ്പർവൈസർ ദീപക് എന്നിവർ പങ്കെടുത്തു. കൂടുതൽ പരിചരണങ്ങൾക്കായി കുഞ്ഞിനെ നവജാതശിശുക്കളുടെ പ്രത്യേക കേന്ദ്രമായ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയിലേക്ക് മാറ്റി.










0 comments