ad
Deshabhimani

പവർ ‘കെട്ട്‌’ കച്ചവടം

power cut

ജി സ്മാരകത്തിലേക്കുള്ള വഴി കുണ്ടും കുഴിയും ചെളിയും നിറഞ്ഞനിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Jul 18, 2026, 02:33 AM | 1 min read

കൊച്ചി


കച്ചവടവും കച്ചവടക്കാരുടെ ജീവിതത്തെയും ഇരുട്ടിലാക്കി യുഡിഎഫ്‌ സർക്കാരിന്റെ പവർക്കട്ട്‌. അടിക്കടി വൈദ്യുതി മുടങ്ങുന്നത്‌ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്‌. ചെറുകിട കച്ചവടക്കാരാണ്‌ കൂടുതലും പ്രതിസന്ധി നേരിടുന്നത്‌. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, കടകൾ... എല്ലാം ഒരുപോലെ പ്രശ്‌നത്തിലാണ്‌.


പവർക്കട്ട്‌ തുടങ്ങിയതോടെ കച്ചവടവും മോശമായി. ഇങ്ങനെപോയാൽ ജീവിതവും കൂരിരുട്ടിലാകുമെന്ന്‌ വ്യാപാരികൾ പറയുന്നു. ‘‘രണ്ടും മൂന്നും തവണയാണ്‌ കറന്റ്‌ പോകുന്നത്‌. യാതൊരു മുന്നറിയിപ്പുമില്ല. തോന്നുംപടിയാണ്‌ പവർക്കട്ട്‌. കടയിൽ സൂക്ഷിച്ചിരിക്കുന്ന പാൽ, തൈര്‌, ഐസ്‌ക്രീം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കേടുവരികയാണ്‌. അതോടെ ഇതിനായി മുടക്കിയ കാശും നഷ്ടം’’–കച്ചവടക്കാർ പറഞ്ഞു.


വൈകിട്ട്‌ ആറുമുതലാണ്‌ കടകളിൽ ആവശ്യക്കാർ കൂടുതലായി എത്തുക. ജോലി കഴിഞ്ഞ്‌ തൊഴിലാളികളും ജീവനക്കാരും എത്തുന്നത്‌ ഇ‍ൗസമയം മുതലാണ്‌. എന്നാൽ, അപ്പോൾ മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം തുടങ്ങും. വലിയ വ്യാപാരസ്ഥാപനങ്ങൾക്ക്‌ ജനറേറ്ററുകളുണ്ട്‌. അല്ലാത്തവർ ലാന്പുകളും മെഴുകുതിരികളുമെല്ലാം ആശ്രയിക്കേണ്ട സ്ഥിതിയാണ്‌. ഇരുട്ടത്ത്‌ സാധനങ്ങൾ വാങ്ങാൻ ആളുകളും മടിക്കും. ചിലർ മാളുകളിലേക്ക്‌ തിരിയുന്ന സ്ഥിതിയുണ്ടെന്നും കച്ചവടക്കാർ പറയുന്നു.


പാചകവാകത പ്രതിസന്ധിയിൽനിന്ന്‌ പതുക്കെ കരകയറിവരികയായിരുന്നു ഹോട്ടലുകൾ. അതിനിടെ, ഇറച്ചിയുടെയും കോഴിയുടെയും മീനിന്റെയും വില കൂടിയത്‌ ഹോട്ടലുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇരുട്ടടിയായി പവർക്കട്ടും എത്തിയത്‌. കറന്റ്‌ അടിക്കടി പോകുന്നത്‌ ഹോട്ടലുകളുടെ പ്രവർത്തനത്തെ പ്രയാസത്തിലാക്കി. ഭക്ഷണം തയ്യാറാക്കാനുള്ള ചില ഇനങ്ങൾ സൂക്ഷിക്കാനുൾപ്പെടെ ബുദ്ധിമുട്ടുന്നു. എസിയടക്കം നിലയ്‌ക്കുന്നതോടെ ഇത്തരം ഹോട്ടലുകളിൽ കയറാൻ ആളുകൾ മടിക്കുന്നു.

ജനറേറ്ററുള്ള സ്ഥാപനങ്ങൾക്ക്‌ ഇത്‌ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം പന്പുകളിൽനിന്ന്‌ ലഭിക്കാത്ത സ്ഥിതിയുണ്ട്‌. കാനുകളിൽ ഇന്ധനം നൽകാത്തതാണ്‌ കാരണം. പവർക്കട്ട്‌ ഇ‍ൗ രീതിയിൽ പോയാൽ പിടിച്ചുനിൽക്കാൻ പാടായിരിക്കുമെന്ന്‌ കച്ചവടക്കാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home