ad
Deshabhimani

ടൂറിസ്റ്റ് ഗൈഡുകൾക്ക് പരിശീലനം നൽകി സിഎംഎഫ്ആർഐ

CMFRI

സിഎംഎഫ്ആർഐയിലെ ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലനത്തിന്റെ 
ഭാഗമായി ചെല്ലാനം ഹാർബർ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 02:18 AM | 1 min read

കൊച്ചി


കേരളത്തിന്റെ കടൽ–കായലോര മേഖലകളിൽ ഉത്തരവാദിത്വ ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട നീക്കവുമായി സിഎംഎഫ്ആർഐ. പരിസ്ഥിതിസൗഹൃദ ടൂറിസത്തിന് കരുത്തുപകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവൽക്കരണംകൂടി ഉന്നമിട്ടുള്ളതാണ് പുതിയ പദ്ധതി.


ടൂറിസ്റ്റ് ഗൈഡുകളെ പരിശീലനം നൽകി കേരളത്തിന്റെ തീരദേശ പൈതൃക അംബാസഡർമാരാക്കി മാറ്റുകയും അവരിലൂടെ കടലറിവുകളും തീരദേശ സംരക്ഷണപാഠങ്ങളും സഞ്ചാരികളിലെത്തിക്കുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 24 സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള ശാസ്‌ത്രീയ പരിശീലനം പൂർത്തിയായി.


കഴിഞ്ഞവർഷം സിഎംഎഫ്ആർഐ ആരംഭിച്ച ‘ഫിഷ് വോക്കിന്റെ' തുടർപ്രവർത്തനമാണ് പദ്ധതി. കേരളത്തിലെ കായലുകളും കടൽത്തീരങ്ങളും സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുമായി നേരിട്ട് ഇടപെടുന്ന ടൂറിസം പ്രൊഫഷണലുകളിൽ ശാസ്ത്രീയമായ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.


സിഎംഎഫ്ആർഐയിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 98–-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് മേയർ വി കെ മിനിമോൾ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. സമുദ്രോൽപ്പന്ന കയറ്റുമതിയെക്കുറിച്ചും കൂടുമത്സ്യക്കൃഷി അടക്കമുള്ള ആധുനികരീതികളെക്കുറിച്ചും ഗൈഡുകളെ ബോധവൽക്കരിച്ചു. ചെല്ലാനം ഫിഷിങ്‌ ഹാർബർ, പുത്തൻതോട് ബീച്ച്, കോട്ടപ്പുറത്തെ കൂടുമത്സ്യക്കൃഷി ഫാമുകൾ, പനമ്പുകാട് കണ്ടൽക്കാടുകൾ എന്നിവിടങ്ങളും സന്ദർശിച്ചു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. മിറിയം പോൾ ശ്രീറാം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home