ad
Deshabhimani

print edition പരിഹാരമില്ല; ഇരുട്ട്‌ തുടരും

udf black days
avatar
പി ആർ ചന്തുകിരൺ

Published on Jul 18, 2026, 02:14 AM | 2 min read

തിരുവനന്തപുരം: ആസൂത്രണത്തിലെ പാളിച്ച പരിഹരിക്കാൻ സർക്കാര്‍ ഇടപെടൽ ഇല്ലാതായതോടെ സംസ്ഥാനം ഇരുട്ടിൽ തുടരും. വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം നിയന്ത്രണം നീളുമെന്നോ ഒരറിയിപ്പുമില്ല. അടിയന്തര ശസ്‌ത്രക്രിയകളടക്കം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ ആരോഗ്യപ്രവർത്തകർ. വ്യവസായം, ഹോസ്റ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയവ വൻ പ്രതിസന്ധിയിലായി. നഗര, ഗ്രാമ വ്യത്യാസമില്ലാതെ മിക്കവാറും തെരുവുവിളക്കുകൾ കണ്ണടച്ചു. ഏത് സമയവും വൈദ്യുതി നിലയ്‌ക്കുന്ന സ്ഥിതി കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു.


അര മണിക്കൂർ വൈദ്യുതി നിലയ്‌ക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ രാത്രി ഏഴിന് ശേഷം പലയിടത്തും അരമണിക്കൂറിലേറെ കട്ട്‌ പതിവായി. എപ്പോള്‍ വരുമെന്ന് കെഎസ്‌ഇബിയില്‍ അന്വേഷിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പലയിടത്തും പകൽനേരത്തും അരമണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നുണ്ട്‌.


ജൂൺ 16നാണ്‌ യുഡിഎ-ഫ്‌ സർക്കാർ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്‌. വിമർശമുയർന്നതോടെ ഒരു മണിക്കൂർ മുമ്പെങ്കിലും ഉപയോക്താക്കൾക്ക്‌ അറിയിപ്പ്‌ നൽകണമെന്ന്‌ റെഗുലേറ്ററി കമീഷൻ കർശന നിർദേശം നൽകി. അതും നടപ്പാക്കുന്നില്ല.


സ‍ൗരോർജ കരാറടക്കം നടപ്പാക്കുന്നതോടെ പ്രതിസന്ധി തരണംചെയ്യുമെന്ന വാസ്‌തവവിരുദ്ധ പ്രചാരണവും വൈദ്യുതി ബോര്‍ഡ്‌ നടത്തുന്നുണ്ട്.


ശ്വാസംകിട്ടാതെ 
 രോഗി മരിച്ചു


വേണു കെ ആലത്തൂർ

പാലക്കാട്‌: അർധരാത്രി മുക്കാൽ മണിക്കൂറോളം നീണ്ട പവർകട്ടിൽ ഓക്‌സിജൻ കോൺസൺട്രേറ്റർ പ്രവർത്തനം നിലച്ചതോടെ രോഗി ശ്വാസം കിട്ടാതെ മരിച്ചു. പാലക്കാട്‌ സിവിൽ സ്റ്റേഷനുസമീപം കേനാത്തുപറന്പ്‌ കലിയങ്കണ്ടത്ത്‌ വീട്ടിൽ എം കൃഷ്‌ണനാ(71)ണ്‌ ദാരുണാന്ത്യം. ശ്വാസകോശ അസുഖത്തെത്തുടർന്ന്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്‌ചയാണ്‌ വീട്ടിലെത്തിച്ചത്‌.


വ്യാഴം രാത്രി 12ന്‌ വൈദ്യുതി നിലച്ചതോടെ ഓക്‌സിജൻ അളവ്‌ 39–40ലെത്തി. വൈദ്യുതി എപ്പോൾ വരുമെന്ന്‌ മരുമകൾ സനിഷ്‌മ കെഎസ്‌ഇബി ഓഫീസീല്‍ അന്വേഷിച്ചപ്പോൾ ഇൻവെർട്ടർ വാങ്ങിവയ്‌ക്കാനായിരുന്നു മറുപടി. വൈദ്യുതിയെത്തി കോൺസൺട്രേറ്റർ പ്രവര്‍ത്തനമാരംഭിച്ചപ്പോഴേക്കും നില മോശമായി. വീട്ടിൽ പരിചരിക്കുന്ന നഴ്‌സ്‌ ചിത്ര അഭയ്‌ എത്തുമ്പോഴേക്കും നാഡിമിടിപ്പും നിലച്ചു. രേണുകാദേവിയാണ്‌ ഭാര്യ. മക്കൾ: മണികണ്ഠൻ (കുവൈത്ത്‌), രഞ്ജിനി. മരുമക്കൾ: സനിഷ്‌മ, പ്രമോദ്.


വൈദ്യുതി ഓഫീസില്‍ വിളിച്ചപ്പോൾ നൽകിയ മറുപടിയാണ്‌ കൂടുതൽ വിഷമിപ്പിച്ചതെന്ന കുറിപ്പുമായി നഴ്‌സ്‌ ചിത്ര അഭയ്‌ രംഗത്തുവന്നു. ‘ഭരിക്കുന്നവരോട്... നിങ്ങൾ ഈ നാടിനെ ഇരുട്ടിലാക്കുമ്പോൾ... നിങ്ങൾ ഓർക്കണം. ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസംകിട്ടാതെ നഷ്‌ടപ്പെടുന്നു എന്ന സത്യം. എല്ലാവർക്കും ഓക്‌സിജൻ സിലിണ്ടറും ഇൻവെർട്ടറും മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ല.’ കെഎസ്‌ഇബി ഓഫീസ്‌ നമ്പർ സഹിതമായിരുന്നു കുറിപ്പ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home