ad
Deshabhimani

print edition ഫാൻ വാർ

s
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Jun 22, 2026, 01:17 AM | 1 min read

കേരളത്തിന്റെ ഓരോ തെരുവീഥിയും ഇപ്പോൾ പല രാജ്യങ്ങളായി മാറിയിരിക്കുകയാണ്‌. ഓരോ മീറ്റർ പിന്നിടുമ്പോഴും മെസിയുടെയും നെയ്‌മറിന്റെയും റൊണാൾഡോയുടെയും എംബാപ്പെയുടെയും ഫ്ലക്‌സുകൾ കാണാം.


ലോകകപ്പ്‌ മത്സരങ്ങൾ ആരംഭിക്കുന്നതിന്‌ ഒരുമാസം മുമ്പുതന്നെ കേരളത്തിൽ ആവേശം തുടങ്ങിയിരുന്നു. ആരാധകർക്ക്‌ പ്രായവും മറ്റുഭേദങ്ങളുമില്ല എന്നതാണ്‌ ഫുട്‌ബോളിന്റെ സവിശേഷത. ഒരു വീട്ടിലാകട്ടെ, ഓഫീസിലാകട്ടെ, കളിക്കളത്തിലാകട്ടെ.. എല്ലായിടത്തും മെസിയുടെയും നെയ്‌മറിന്റെയും റൊണാൾഡോയുടെയും എംബാപ്പയുടെയുമൊക്കെ ആരാധകരുണ്ടാകും. അവർ പരസ്‌പരം വാതുവച്ചും വെല്ലുവിളിച്ചും മത്സരിച്ച്‌ കളികാണും. ജയവും പരാജയവും ഒരുമിച്ച്‌ പങ്കിടും.


​ഉറക്കമില്ലാത്ത രാവും പകലും


​കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളാണ്‌ ഇത്തവണ ലോകകപ്പിന്‌ ആതിഥ്യമരുളുന്നത്‌. പ്രധാന കളികളെല്ലാം ഇന്ത്യൻ സമയം അർധരാത്രിയിലും പുലർച്ചെയുമായിരിക്കും. എന്നാൽ മലയാളികൾക്ക്‌ ഫുട്‌ബോളിനുവേണ്ടി ഉണർന്നിരിക്കാൻ ഒരു മടിയുമില്ല. ഇഷ്ടരാജ്യങ്ങളുടെ കളികാണാൻ അലാറംവച്ചുണരുന്നവരും ഉറങ്ങാതെ കാത്തിരിക്കുന്നവരും എല്ലാ വീട്ടിലുമുണ്ടാകും.ക്ലബുകളുടെയും മറ്റ്‌ കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ ബിഗ്‌ സ്‌ക്രീനിൽ മത്സരങ്ങൾ കാണാനുള്ള അവസരം മിക്കയിടത്തും ഒരുക്കിയിട്ടുണ്ട്‌.


ആവേശക്കര


​പൊഴിയൂർമുതൽ വർക്കലവരെ തീരദേശ ഹൈവേയിലൂടെയും പാറശാലയിൽനിന്നാരംഭിച്ച്‌ കൊല്ലത്തിന്റെ അതിർത്തിവരെയുള്ള മലയോര ഹൈവേയിലൂടെയും സഞ്ചരിച്ചാൽ അർജന്റീനയും ബ്രസീലും പോർച്ചുഗലും ഫ്രാൻസുമൊക്കെ കൺമുന്നിലൂടെ മിന്നിമറയുന്നതുകാണാം. ഇഷ്‌ടതാരങ്ങളെ വാഴ്‌ത്തി, കൂറ്റൻ ഫ്ലക്‌സും തോരണങ്ങളുമൊക്കെ ഓരോ ജങ്‌ഷനിലുമുണ്ടാകും. തീരദേശങ്ങൾ കേന്ദ്രീകരിച്ച്‌ ഫുട്‌ബോൾ ടൂർണമെന്റുകളും മിനി ലോകകപ്പുകളും ആവേശം ഇരട്ടിയാക്കുന്നു.

മെസിയെങ്ങാനും 
ഇതറിഞ്ഞാൽ


കഴിഞ്ഞ ലോകകപ്പിന്‌ കോഴിക്കോട്ട്‌ മെസി ആരാധകർ പുഴയിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ട്‌ ലോകശ്രദ്ധ നേടിയിരുന്നു. ഫിഫയും അർജന്റീന ടീമുമെല്ലാം തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിൽ കേരളത്തിന്റെ ആവേശത്തെ പ്രകീർത്തിച്ചിരുന്നു.


ഇത്തവണ വിഴിഞ്ഞത്ത്‌ ജീലാനി ഗ്രൗണ്ടിലാണ്‌ സമാനമായ രീതിയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ടുള്ളത്‌. 60 അടി ഇയരമുള്ള റൊണാൾഡോയുടെ കട്ടൗട്ടിന്‌ സമീപത്ത്‌, 65 അടി ഉയരത്തിൽ മെസിയുടെ കട്ടൗട്ട്‌ നാട്ടിയാണ്‌ ആരാധകർ ആവേശം തീർത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home