ad
Deshabhimani

സ്വന്തം ടീമില്ലെങ്കിൽ എന്താ, ഞങ്ങൾക്ക് 'കാർഡ് മാസ്റ്റർ' ഉണ്ട്; ലോകകപ്പിൽ ചൈനയുടെ താരമായി റഫറി മാ നിംഗ്

CARD MASTER CHINA

Photo Credit:AFP

വെബ് ഡെസ്ക്

Published on Jun 10, 2026, 11:52 AM | 2 min read

ബീജിങ്: ചൈനീസ് ദേശീയ ഫുട്ബോൾ ടീമിന് ഇത്തവണയും ലോകകപ്പിലേക്ക് യോഗ്യത നേടാനാകാത്തതിനെത്തുടർന്ന്, വ്യാഴാഴ്ച ആരംഭിക്കുന്ന ടൂർണമെന്റിൽ രാജ്യത്തിന്റെ പ്രധാന പ്രതിനിധിയായി ഒരു റഫറിയെ ഏറ്റെടുത്തിരിക്കുകയാണ് ചൈനയിലെ ഫുട്ബോൾ ആരാധകർ.


46-കാരനായ മാ നിംഗ് എന്ന റഫറിയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ടെക് കമ്പനിയായ ലെനോവോ , ഇലക്ട്രോണിക്സ് ഭീമന്മാരായ ഹൈസെൻസ് തുടങ്ങിയ പ്രമുഖ ചൈനീസ് ബ്രാൻഡുകളുടെ പരസ്യങ്ങളിലും സ്പോൺസർഷിപ്പുകളിലും അദ്ദേഹം ഇടംപിടിച്ചു കഴിഞ്ഞു.


മൈതാനത്തെ തന്റെ കർക്കശമായ ശൈലിയിലൂടെയാണ് മാ നിംഗ് അറിയപ്പെടുന്നത്. 2015-ൽ ഷാങ്ഹായിൽ നടന്ന ഒരു മത്സരത്തിനിടെ 9 മഞ്ഞക്കാർഡുകളും 3 ചുവപ്പുകാർഡുകളും അദ്ദേഹം പുറത്തെടുത്തിരുന്നു.


അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായ ഈ സംഭവത്തോടെയാണ് ആരാധകർ അദ്ദേഹത്തിന് "കാർഡ് മാസ്റ്റർ" എന്ന പേര് നൽകിയത്. നാല് വർഷം മുമ്പ് ഖത്തർ ലോകകപ്പിൽ ഫോർത്ത് ഒഫീഷ്യലായി അരങ്ങേറ്റം കുറിച്ച മാ നിംഗിന്റെ രണ്ടാമത്തെ ലോകകപ്പാണിത്.


ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ 'റെഡ്‌നോട്ടിലും' മറ്റും മാ നിംഗിനെക്കുറിച്ചുള്ള ചർച്ചകൾ ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ചൈനീസ് ഫുട്ബോളിന്റെ അവസ്ഥയെക്കുറിച്ചുള്ള നിരാശ പങ്കുവെക്കുന്നതിനൊപ്പം ചിലർ അദ്ദേഹത്തെ ആവേശത്തോടെ പിന്തുണയ്ക്കുന്നുമുണ്ട്.


"ഞങ്ങൾക്ക് മാ നിംഗ് ഉണ്ട്, നിങ്ങൾക്ക് ആരുണ്ട്?" എന്നാണ് ഒരു റെഡ്‌നോട്ട് ഉപയോക്താവ് കുറിച്ചത്. "മറ്റ് രാജ്യങ്ങൾ അവരുടെ ടീമിന്റെ കളി കാണുമ്പോൾ, ഞങ്ങൾ ഞങ്ങളുടെ റഫറി കാർഡുകൾ വീശുന്നത് നോക്കിയിരിക്കും," മറ്റൊരു ആരാധകൻ പരിഹസിച്ചു.


നിലവിൽ റഫറിമാരുടെ 10 ദിവസത്തെ പരിശീലന ക്യാമ്പിനായി മാ നിംഗ് മിയാമിയിലാണുള്ളത്. അസിസ്റ്റന്റ് റഫറി ഷൗ ഫെയ് , വീഡിയോ അസിസ്റ്റന്റ് റഫറി ഫു മിംഗ് എന്നീ രണ്ട് ചൈനീസ് ഒഫീഷ്യലുകളും അദ്ദേഹത്തോടൊപ്പമുണ്ട്.


2011 മുതൽ ഫിഫയുടെ അംഗീകൃത റഫറിയാണ് മാ നിംഗ്. ഒപ്പം നാൻജിംഗ് സ്പോർട് ഇൻസ്റ്റിറ്റ്യൂട്ടിൽ ലക്ചറർ കൂടിയാണ് അദ്ദേഹം. തന്റെ ലോകകപ്പ് യാത്രകൾ പങ്കുവെക്കുന്നതിനായി രണ്ടാഴ്ച മുൻപ് റെഡ്‌നോട്ടിൽ തുടങ്ങിയ അക്കൗണ്ടിന് ഇതിനകം രണ്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സിനെ ലഭിച്ചുകഴിഞ്ഞു.


തന്റെ ആദ്യ പോസ്റ്റിൽ, റഫറിയുടെ ജേഴ്സിയുടെ മുൻ പോക്കറ്റിൽ നിന്ന് ഒരു ചുവന്ന പുസ്തകം പുറത്തെടുക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇത് റെഡ്‌നോട്ട് എന്ന പ്ലാറ്റ്‌ഫോമിന്റെ പേരിനെയും ഒപ്പം കളിയിലെ കടുത്ത നിയമലംഘനങ്ങൾക്ക് അദ്ദേഹം നൽകുന്ന റെഡ് കാർഡുകളെയും സൂചിപ്പിക്കുന്നതായിരുന്നു.


ജിമ്മിലെ കഠിനമായ വർക്കൗട്ടുകളും യാത്രയ്ക്കുള്ള ഒരുക്കങ്ങളും അടങ്ങിയ വീഡിയോയിൽ ലെനോവോ ടാബ്‌ലെറ്റ് ഉൾപ്പെടെയുള്ള പരസ്യങ്ങളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. "പൂർണ്ണ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയുമാണ് ഞാൻ ഈ ദൗത്യം ഏറ്റെടുക്കുന്നത്. ലോകകപ്പ്, ഞങ്ങൾ വരുന്നു," അദ്ദേഹം കുറിച്ചു.


2002-ലെ ലോകകപ്പിലാണ് ചൈന ആദ്യമായും അവസാനമായും പങ്കെടുത്തത്. അന്ന് ഒരു പോയിന്റ് പോലും നേടാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home