തൃണമൂലിന് വീണ്ടും തിരിച്ചടി; രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു: ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: ബംഗാൾ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു. രാജിസംബന്ധിച്ച് രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് സുസ്മിത കത്തയച്ചു. മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് കഴിഞ്ഞ ദിവസം പാർടിയിൽ നിന്ന് രാജിവെച്ചിരുന്നു.
അസമിലെ സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് മുൻ ലോക്സഭാംഗമായിരുന്നു സുസ്മിത. 2019ലെ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കോൺഗ്രസ് വിട്ട സുസ്മിത, 2021-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ചർച്ച നടത്തിയ സുസ്മിത ഉടൻ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ടിഎംസിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേർ എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തുനൽകിയിരുന്നു. 20 ലോക്‌സഭാ എംപിമാർ വിമതപക്ഷത്തേക്ക് എത്തിയതോടെ കൂറുമാറ്റ നിരോധന നിയമം മറികടക്കുന്നതിനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷമായി. ടിഎംസിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവച്ച കാകോലി ഘോഷ് ദസ്‌തിദാറാണ് വിമതപക്ഷത്തെ നയിക്കുന്നത്.
കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ ഡൽഹി വസതിയിൽ തിങ്കളാഴ്‌ച യോഗം ചേർന്ന വിമത എംപിമാർ കാകോലിയെ ചീഫ് വിപ്പായി തെരഞ്ഞെടുത്തു. 2009 മുതൽ ബിർഭും മണ്ഡലത്തിൽനിന്ന് തുടർച്ചയായി ജയിക്കുന്ന ചലച്ചിത്ര താരം ശതാബ്‌ദി റോയി ആണ് വിമതപക്ഷത്തിന്റെ ഉപനേതാവ്.










0 comments