മമതയ്ക്ക് വീണ്ടും പ്രഹരം; രാജ്യസഭാംഗത്വം രാജിവെച്ച് സുസ്മിത ദേവും പുറത്തേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുടെ പാർട്ടിയിലുള്ള പിടി പൂർണ്ണമായും അയയുന്നു. നിയമസഭയിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും വിമത നീക്കത്തിന് പിന്നാലെ പാർലമെന്റിലും മമതയ്‌ക്കെതിരെ കലാപം രൂക്ഷമായിരിക്കുകയാണ്. പാർട്ടിയുടെ ദേശീയ വക്താവും പ്രമുഖ രാജ്യസഭാംഗവുമായ സുസ്മിത ദേവ് ബുധനാഴ്ച തന്റെ രാജ്യസഭാംഗത്വവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു.
ഈ ആഴ്ച മാത്രം തൃണമൂലിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മുതിർന്ന എംപിയാണ് സുസ്മിത. ദിവസങ്ങൾക്ക് മുൻപ് മമതയുടെ വിശ്വസ്തനും പാർട്ടിയുടെ രാജ്യസഭാ ചീഫ് വിപ്പുമായിരുന്ന സുഖേന്ദു ശേഖർ റോയിയും പാർട്ടി വിട്ടിരുന്നു.
അസമിലെ സിൽച്ചാറിൽ നിന്നുള്ള മുൻ കോൺഗ്രസ് ലോക്‌സഭാ എംപിയായിരുന്ന സുസ്മിത ദേവ് 2021-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയുടെ ദേശീയ മുഖമായി മാറിയ അവർക്ക് മമത രാജ്യസഭാ സീറ്റും നൽകി.
രാജ്യസഭാ ചെയർമാൻ സിപി രാധാകൃഷ്ണന് രാജി സമർപ്പിച്ചതിന് പിന്നാലെ സുസ്മിത ഡൽഹിയിൽ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയും വാര്‍ത്തയായിട്ടുണ്ട്. അസമിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലോക്‌സഭാ മണ്ഡലത്തിൽ അവർ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. "എന്റെ രാഷ്ട്രീയ ഭാവി ഇനി ബംഗാളിലല്ല, സ്വന്തം തട്ടകമായ അസമിലാണ്. രാഷ്ട്രീയം എവിടെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നത് എന്റെ വ്യക്തിപരമായ അവകാശമാണ് എന്നായിരുന്നു ചുവട് മാറ്റം സംബന്ധിച്ച വിശദീകരണം.
സുസ്മിതയുടെ രാജിക്ക് തൊട്ടുമുമ്പാണ് 13 വർഷമായി പാർട്ടിയുടെ രാജ്യസഭാ ചീഫ് വിപ്പായിരുന്ന സുഖേന്ദു ശേഖർ റോയ് തൃണമൂലിൽ നിന്നും രാജ്യസഭയിൽ നിന്നും രാജിവെച്ചത്. മമത ബാനർജിക്ക് അയച്ച കടുത്ത ഭാഷയിലുള്ള കത്തിൽ പാർട്ടിയുടെ പതനത്തിന്റെ കാരണങ്ങൾ അദ്ദേഹം തുറന്നടിച്ചു.
നിയമസഭയും ലോക്സഭയും കൈവിടുന്നു
തൃണമൂൽ കോൺഗ്രസ് ഇപ്പോൾ നേരിടുന്നത് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പാണ്. ബംഗാൾ നിയമസഭയിലെ 80 തൃണമൂൽ എംഎൽഎമാരിൽ 61 പേരും വിമത നേതാവായ റിതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവരെ നിയമസഭയിൽ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കുകയും റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. ലോക്സഭയിലെ ഇരുപതോളം തൃണമൂൽ എംപിമാർ തങ്ങൾക്ക് സഭയിൽ പ്രത്യേക സീറ്റിംഗ് ക്രമീകരണം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments