ad
Deshabhimani

ഗൾഫ് മേഖലയിൽ യുദ്ധഭീതി

യുഎസ് - ഇറാൻ വ്യോമാക്രമണം ശക്തം; മൂന്ന് രാജ്യങ്ങൾ അതീവ ജാഗ്രതയിൽ

US IRAN

ഗൾഫ് മേഖലയിൽ നടന്ന വ്യോമാക്രമണം |Photo: AFP

വെബ് ഡെസ്ക്

Published on Jun 10, 2026, 03:32 PM | 2 min read

ദുബായ് : ഗൾഫ് മേഖലയെ വീണ്ടും യുദ്ധത്തിന്റെ ഭീതിയിലാക്കി യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നു. ഒമാൻ തീരത്ത് അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം, മേഖലയിലെ മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയത്.


ഹെലികോപ്റ്റർ തകർത്തത് ഇറാന്റെ ഡ്രോൺ; ആരോപണവുമായി ട്രംപ്


തിങ്കളാഴ്ച തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് സൈന്യത്തിന്റെ AH-64 അപ്പാച്ചെ ഹെലികോപ്റ്റർ ഇറാന്റെ ഡ്രോൺ ഇടിച്ചാണ് തകർന്നതെന്ന് ട്രംപ് ആരോപിച്ചു. അപകടത്തിൽപ്പെട്ട രണ്ട് യുഎസ് പൈലറ്റുമാരെയും കടലിൽ നിന്ന് യുഎസ് നേവിയുടെ അത്യാധുനിക ഡ്രോൺ ഉപയോഗിച്ച് പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഈ സംഭവത്തിന് അനിവാര്യമായ തിരിച്ചടി നൽകും എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് യുഎസ് സെൻട്രൽ കമാൻഡ് ഇറാന് നേരെ വ്യോമാക്രമണത്തിന് ഉത്തരവിട്ടത്.


ഇറാന്റെ റഡാർ കേന്ദ്രങ്ങൾ തകർത്ത് യുഎസ്


ഇറാനിലെ ജാസ്ക്, സിരിക് എന്നീ തീരദേശ നഗരങ്ങളിലും തന്ത്രപ്രധാന ദ്വീപായ ഖേഷ്മിലുമുള്ള സൈനിക താവളങ്ങളാണ് യുഎസ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ സ്റ്റേഷനുകൾ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവ അമേരിക്ക തകർത്തു.


അമേരിക്കയുടേത് തങ്ങൾക്കുള്ള പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും എന്നാൽ യുഎസ് ആക്രമണത്തിൽ തങ്ങളുടെ ഒരു കമ്മ്യൂണിക്കേഷൻ ടവറിനും രണ്ട് വാട്ടർ ടാങ്കുകൾക്കും മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെന്നും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.


21 യുഎസ് താവളങ്ങളിലേക്ക് ഇറാന്റെ മിസൈൽ വർഷം; മിഡിൽ ഈസ്റ്റ് പുകയുന്നു


അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കടുത്ത തിരിച്ചടിയാണ് ഇറാൻ നൽകിയത്. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നേവി ഫ്ലീറ്റ് ആസ്ഥാനം, ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾ ഉൾപ്പെടെ മേഖലയിലെ 21 യുഎസ് ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ ഒരേസമയം മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇറാന്റെ ഈ നീക്കത്തെ ക്രൂരം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.


ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്‌റൈനിൽ ഉടനീളം വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. അതിർത്തി കടന്നെത്തിയ ആക്രമണങ്ങളെ ബഹ്‌റൈൻ വിജയകരമായി പ്രതിരോധിച്ചു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ 5 മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം സ്ഥിരീകരിച്ചു. അയൽരാജ്യമായ കുവൈറ്റിന്റെ വ്യോമാതിർത്തിക്ക് നേരെയും ഡ്രോൺ ആക്രമണശ്രമം ഉണ്ടായതായും തങ്ങളുടെ സൈന്യം അത് തടഞ്ഞതായും കുവൈറ്റ് ആർമി വ്യക്തമാക്കി.


മേഖല വിട്ടുപോവുക, അല്ലെങ്കിൽ അപകടം: ഇറാൻ വിദേശകാര്യമന്ത്രി


യുഎസ് ആക്രമണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഒരു ഭീഷണിയും ആക്രമണവും ഇറാൻ മറുപടിയില്ലാതെ വിടില്ല. യുഎസ് സൈന്യം സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്രയും പെട്ടെന്ന് ഞങ്ങളുടെ പ്രദേശം വിട്ടുപോകണം. സ്വന്തം പിഴവുകൾ കൊണ്ടോ അപകടങ്ങൾ കൊണ്ടോ വിദേശ സൈന്യങ്ങൾ ഇവിടെ എപ്പോഴും അപകടത്തിലാണ്. അബ്ബാസ് അരാഗ്ചി എക്‌സിൽ കുറിച്ചു.


സമാധാന ചർച്ചകൾ വഴിമുട്ടുമോ?


ഏപ്രിലിലെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഇസ്രായേലും ഇറാനും തമ്മിൽ കഴിഞ്ഞ വാരാന്ത്യത്തിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇത് തടയാനും, മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനുമായി വാഷിംഗ്ടണും തെഹ്‌റാനും തമ്മിൽ അതീവ രഹസ്യമായി സമാധാന ചർച്ചകൾ നടത്തിവരികയായിരുന്നു. രണ്ട് മൂന്ന് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തുകൊണ്ട് ചരിത്രപരമായ ഒരു സമാധാന കരാറിൽ ഒപ്പുവെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ യുദ്ധസാഹചര്യം ഉടലെടുത്തിരിക്കുന്നത്.


യുഎസ് പാർലമെന്റ് സ്പീക്കർ മൈക്ക് ജോൺസൺ, ട്രംപിന്റെ ആക്രമണ തീരുമാനത്തെ പിന്തുണച്ചു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അമേരിക്കൻ സൈന്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്. നിലവിലെ ആക്രമണ പ്രത്യാക്രമണങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home