ad
Deshabhimani

കുവെത്ത്‌ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്‌ ; ഇന്ത്യയടക്കം 10 രാജ്യങ്ങൾക്ക്‌ അനുമതി

kuwai domestic work

പ്രതീകാത്മകചിത്രം

avatar
കെ ശ്രീജിത്ത്‌

Published on Jun 10, 2026, 04:33 PM | 1 min read

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുതുക്കി കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം. ഇന്ത്യയടക്കം 10 രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകി പുതിയ സർക്കുലർ പുറത്തിറക്കി. 27 രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്ട്മെന്റിന് വിലക്കേർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.


​ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷ തൊഴിലാളികൾക്ക് മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നാണ് ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയത്‌. ഇതിനുള്ള നടപടിക്രമങ്ങൾ ഗവർണറേറ്റുകളിലെ റെസിഡൻസി വകുപ്പുകൾ മുഖേന പൂർത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കുന്നു. ​വിദേശമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മാനവശേഷി അതോറിറ്റി എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ ശുപാർശ പരിഗണിച്ചാണ് 27 രാജ്യത്തുനിന്നുള്ള റിക്രൂട്ട്മെന്റിന് വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ചില രാജ്യങ്ങളുടെ കാര്യത്തിൽ വനിതാ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് മാത്രമാണ് നിയന്ത്രണം.


അനുമതിയുള്ളതും വിലക്കുള്ളതുമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിൽ നയതന്ത്ര പ്രതിനിധാനമുള്ള രാജ്യങ്ങളും പ്രതിനിധാനമില്ലാത്ത രാജ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്‌. സുരക്ഷാ, ആരോഗ്യ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് പട്ടിക പുതുക്കിയതെന്നാണ് വിവരം. ​പുതിയ തീരുമാനം രാജ്യത്തെ എല്ലാ റെസിഡൻസി വകുപ്പുകൾക്കും സേവനകേന്ദ്രങ്ങൾക്കും കൈമാറിയിട്ടുണ്ട്. രണ്ടുദിവസം മുമ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം പ്രാബല്യത്തിൽ വന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home