കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: രോഗബാധിതർ 600-ലേക്ക്, ആശങ്കയിൽ ആരോഗ്യമേഖല

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. രാജ്യത്ത് സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം അറുന്നൂറിലേക്ക് അടുക്കുന്നതായി ചൊവ്വാഴ്ച സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
മേയ് 15-നാണ് 'ബുന്ദിബുഗ്യോ' ഇനത്തിൽപ്പെട്ട എബോള വൈറസ് ബാധ രാജ്യത്ത് സ്ഥിരീകരിച്ചത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ രോഗബാധ പടർന്നുപിടിച്ചിരുന്നതായും ഇത് തിരിച്ചറിയാൻ വൈകിയതാണ് രോഗവ്യാപനം നിയന്ത്രണാതീതമാക്കിയതെന്നും അധികൃതർ സമ്മതിക്കുന്നു.
ആഭ്യന്തര യുദ്ധങ്ങളും സായുധ സംഘട്ടനങ്ങളും പതിവായ കോംഗോയിലെ മൂന്ന് പ്രവിശ്യകളെയാണ് (ഇതുരി, വടക്കൻ കിവു, തെക്കൻ കിവു) രോഗബാധ നിലവിൽ വിഴുങ്ങിയിരിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ എബോള വ്യാപനങ്ങളിലൊന്നായി ഇത് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
കോംഗോ സർക്കാർ സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 598 എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 115 പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 22 പേർ രോഗമുക്തി നേടിയതായും പുതിയ കേസുകൾ മറ്റ് ആരോഗ്യ മേഖലകളിലേക്ക് പടർന്നിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഇതുരി പ്രവിശ്യയിലെ 17 ഹെൽത്ത് സോണുകളിലും വടക്കൻ കിവുവിലെ ഏഴ് മേഖലകളിലും തെക്കൻ കിവുവിലെ ഒരു മേഖലയിലുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണങ്ങളായ പനി, ഛർദ്ദി, അതിസാരം, കടുത്ത തളർച്ച എന്നിവ അനുഭവപ്പെടുന്നവർ അടിയന്തിരമായി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അവർക്ക് നേരെ ആക്രമണം നടത്തരുതെന്നും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിലുള്ള അവിശ്വാസവും തെറ്റായ ധാരണകളും കാരണം പ്രതിരോധ പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തുന്ന സംഘങ്ങൾക്ക് നേരെയും എബോള ചികിത്സാ കേന്ദ്രങ്ങൾക്ക് നേരെയും വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
രോഗവ്യാപനം തടയുന്നതിനും സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ പോലും ലഭിക്കാതെ കോംഗോയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കടുത്ത ദുരിതത്തിലാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.










0 comments