സംശയം; രണ്ടാം ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി, പ്രതി പിടിയിൽ

പ്രതീകാത്മക ചിത്രം (Photo: Pexels)
ഹൈദരാബാദ്: രണ്ടാം ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഹൈദരാബാദിലെ മാരുതിനഗർ സ്വദേശിയായ ഡി അരുൺ കുമാർ(48) ആണ് അറസ്റ്റിലായത്. രണ്ടാംഭാര്യയായ നിഷ റാണിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മാരുതി നഗറിലെ അരുൺകുമാറിന്റെ വീട്ടിൽവെച്ചായിരുന്നു കൊലപാതകം നടന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ആണ് പ്രതി അരുൺകുമാർ. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് ഇരുവരും ഏറെനാളായി അകന്ന് കഴിയുകയായിരുന്നു.
പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി വൈകി അരുൺകുമാർ നിഷ റാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ അരുൺകുമാർ ഭാര്യയ്ക്ക് നേരേ നിറയൊഴിക്കുകയായിരുന്നു. സംഭവസമയത്ത് അരുൺകുമാറിനൊപ്പം മറ്റൊരാൾകൂടി വീട്ടിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നിഷ റാണിയെ കൊലപ്പെടുത്തിയശേഷം ഇരുവരും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെങ്കിലും അരുൺകുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
അരുൺ കുമാറിന്റെ ആദ്യഭാര്യയുടെ സഹോദരിയാണ് രണ്ടാംഭാര്യയായ നിഷ റാണി. ആദ്യഭാര്യയിൽ അരുൺകുമാറിന് രണ്ടുകുട്ടികളുണ്ട്. ആദ്യഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് ഇരുവരും വേർപിരിഞ്ഞു. തുടർന്നാണ് അവരുടെ സഹോദരിയായ നിഷ റാണിയെ വിവാഹം കഴിച്ചത്. അഞ്ച് വർഷം മുൻപായിരുന്നു വിവാഹം. നിഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നായിരുന്നു അരുൺകുമാറിന്റെ സംശയം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെ താമസം രണ്ടിടത്താക്കി. ശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനെന്ന വ്യാജേന നിഷയെ വിളിച്ചു വരുത്തി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.










0 comments