പാക് അധീന കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു: യാത്രക്കാർ മുഴുവൻ കൊല്ലപ്പെട്ടതായി സൂചന

മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. ബുധനാഴ്ചയുണ്ടായ ദരുണമായ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പാക് സൈന്യത്തിന്റെ ഏവിയേഷൻ വിഭാഗത്തിന് കീഴിലുള്ള എം.ഐ-17 (Mi-17) ഹെലികോപ്റ്ററാണ് തകർന്നത്. മുസാഫറാബാദിൽ നിന്നും പറന്നുയരുന്നതിനിടെ പെട്ടെന്നുണ്ടായ സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നുവെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചെങ്കിലും അപകടത്തിൽ കൃത്യമായി എത്ര പേരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കാൻ മിലിട്ടറി വക്താക്കൾ ഇതുവരെ തയ്യാറായിട്ടില്ല. പ്രാദേശിക ഭരണകൂടം അടുത്തിടെ ഭീകരവിരുദ്ധ നിയമപ്രകാരം ഒരു പ്രതിഷേധ കൂട്ടായ്മയെ നിരോധിച്ചതിനെത്തുടർന്ന് മുസാഫറാബാദിൽ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ നഗരത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് നിരോധിത സംഘടന പ്രഖ്യാപിച്ചതിനെത്തുടർന്ന് കനത്ത സൈനിക-സുരക്ഷാ സാന്നിധ്യമാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടയിലാണ് സൈനിക ഹെലികോപ്റ്റർ ദുരന്തം ഉണ്ടായിരിക്കുന്നത്.










0 comments