ബംഗാളിൽ കോൺഗ്രസ് നേതാവും മകനും വെടിയേറ്റ് മരിച്ചു

Photo: NDTV
കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസ് നേതാവും മകനും വെടിയേറ്റു മരിച്ചു. ബംഗാൾ കോൺഗ്രസ് കമ്മിറ്റി അംഗവും നാദിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അനീസുർ റഹ്മാൻ (50), മകൻ അബു സുഫിയാൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ബേതുവാദഹരിയിൽ നിന്നും സ്വന്തം വീട്ടിലേക്ക് കാറിൽ മടങ്ങവേയാണ് ഇരുവരും അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
യാത്രാമധ്യേ നഗാഡി റെയിൽവേ ഗേറ്റിനു സമീപം കാത്തുനിന്ന അക്രമിസംഘം ഇവർ സഞ്ചരിച്ച കാറിനു നേരെ വെടിയുതിർത്തു. പിന്നാലെ അക്രമികൾ ഇരുവരെയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments