ad
Deshabhimani

യുദ്ധത്തിനിടെ ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ്: ചർച്ചയായി ട്രംപിന്റെ പരാമർശം

Trump Nethanyaahu

ഡോണാൾഡ്‌ ട്രംപ് (ഇടത്) ബെന്യാമിൻ നെതന്യാഹു (വലത്) |Photo: Reuters

വെബ് ഡെസ്ക്

Published on Jun 10, 2026, 04:12 PM | 2 min read

തെൽ അവീവ് : ഇസ്രയേലിൽ ഈ വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീണ്ടും ജനവിധി തേടുമെന്ന് അദ്ദേഹത്തിന്റെ പാർടിയായ ലിക്കുഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെതന്യാഹു വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലിക്കുഡ് പാർടിയുടെ പ്രതികരണം.


നെതന്യാഹു തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദൈവാനുഗ്രഹത്താൽ അദ്ദേഹം വീണ്ടും വിജയിക്കുമെന്നും പാർടി പുറത്തിറക്കിയ ഹ്രസ്വമായ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഒക്ടോബറിനുള്ളിൽ നടക്കേണ്ട ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിന്റെ തീയതികൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നെതന്യാഹു വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, വളരെ അത്ഭുതകരമായ ഒരു രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇനിയും അത് തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ? ട്രംപ് മാധ്യമപ്രവർത്തകനോട് പറഞ്ഞു. ഈ പ്രസ്താവനയാണ് നിലവിൽ ചർച്ചയാകുന്നത്.


2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്. ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഇതിനെത്തുടർന്നാണ് ഗാസയിലും പിന്നീട് ലെബനനിലും ഇറാനിലും വലിയ രീതിയിലുള്ള യുദ്ധത്തിലേക്ക് രാജ്യം നീങ്ങിയത്. 2022 ഡിസംബറിൽ ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സഖ്യ സർക്കാരുമായി അധികാരത്തിൽ തിരിച്ചെത്തിയ നെതന്യാഹുവിന് ഭരണകാലം അത്ര സുഖകരമായിരുന്നില്ല. യുദ്ധങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്ത് അദ്ദേഹത്തിനെതിരെ വൻ ജനകീയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.


തെരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹുവിന്റെ സഖ്യകക്ഷികൾക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് നിലവിലെ ഭൂരിഭാഗം അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നത്. ജൂൺ 9ന് ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സർവേ പ്രകാരം 61 ശതമാനം ഇസ്രായേൽ ജനങ്ങളും നെതന്യാഹു ഇനി മത്സരിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. എങ്കിലും, പ്രതിപക്ഷ കക്ഷികൾക്ക് അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ ഭൂരിപക്ഷം നേടാനാകില്ലെന്നത് നെതന്യാഹുവിന് അനുകൂല ഘടകമാണ്. എന്നാൽ അറബ് പാർട്ടികളുമായി സഖ്യത്തിനില്ലെന്ന നിലപാടിലാണ് പ്രധാന പ്രതിപക്ഷ നേതാക്കൾ.


ഫെബ്രുവരിയിൽ ഇറാനെതിരെയുള്ള യുദ്ധത്തിന് ഒന്നിച്ച് തുടക്കമിട്ട ട്രംപും നെതന്യാഹുവും തമ്മിൽ ഇപ്പോഴും അടുത്ത ബന്ധമാണുള്ളതെന്ന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗിക വൃത്തങ്ങൾ പറയുന്നു. എങ്കിലും നിലവിൽ വാഷിംഗ്ടൺ ഇറാനുമായി സമാധാന ചർച്ചകൾ നടത്തുന്ന പശ്ചാത്തലത്തിൽ, ലെബനനിലെ സൈനിക നീക്കങ്ങൾ ഇസ്രായേൽ പരിമിതപ്പെടുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് ഇരുവരും തമ്മിൽ നേരിയ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.


കഴിഞ്ഞ ആഴ്ച നടന്ന ഒരു ഫോൺ സംഭാഷണത്തിനിടയിൽ ട്രംപ് നെതന്യാഹുവിനെ കടുത്ത ഭാഷയിൽ വിമർശിച്ചതായി വാർത്തകൾ വന്നിരുന്നു. എങ്കിലും തങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണെന്നാണ് ട്രംപ് പരസ്യമായി പറയുന്നത്. നിലവിൽ നെതന്യാഹു നേരിടുന്ന അഴിമതിക്കേസുകളിൽ നിന്ന് അദ്ദേഹത്തിന് ഇസ്രയേൽ പ്രസിഡന്റ് മാപ്പ് നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അഴിമതി ആരോപണങ്ങളെല്ലാം നെതന്യാഹു നിഷേധിക്കുകയാണ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home