'അനന്തൻ കാടി'ൽ രാഷ്ട്രീയ നേതാവായി വിജയരാഘവൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ആര്യയെ നായകനാക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ പ്രമുഖ രാഷ്ട്രീയ നേതാവായ കെ.കെ മേനോൻ എന്ന ശക്തമായ കഥാപാത്രമായാണ് മുതിർന്ന താരം വിജയരാഘവൻ എത്തുന്നത്. വലിയ ജനകീയ പിന്തുണയുള്ള ഒരു രാഷ്ട്രീയക്കാരന്റെ ലുക്കിലാണ് പോസ്റ്ററിൽ താരം. 'ടിയാൻ' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം ജൂൺ 25-ന് തിയേറ്ററുകളിൽ എത്തും. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ വേഷമിടുന്നത്. വൻ വിജയമായി മാറിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്.
'കാന്താര'യിലൂടെ പ്രശസ്തനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, ദേവ് മോഹൻ, റെജീന കാസാൻഡ്ര, അപ്പാനി ശരത്, സാഗർ സൂര്യ, ശാന്തി ബാലചന്ദ്രൻ, അല്ലു അർജുൻ ചിത്രം 'പുഷ്പ'യിലൂടെ ശ്രദ്ധേയനായ സുനിൽ, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം: എസ് യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, ആക്ഷൻ: ആർ ശക്തി ശരവണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, പിആർഒ: ആതിര ദിൽജിത്ത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.









0 comments